തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ: ബി.എൽ.ഒമാർ വീടുകളിലെത്തും രാഷ്ട്രീയ പാർട്ടികളുടെ യോഗം 29ന്
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടി തുടങ്ങുന്നതിന്റെ ഭാഗമായി ഇന്നു വൈകിട്ട് 3.30ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു 29ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും.
നിലവിൽ വോട്ടർപ്പട്ടികയിലുള്ള 2.78 കോടി പേർക്ക് നൽകാനുള്ള അപേക്ഷ ഇന്നു രാത്രിയോടെ തയ്യാറാകും. ബി.എൽ.ഒമാർ വീടുകളിലെത്തി അപേക്ഷ പൂരിപ്പിച്ച് വാങ്ങും. വോട്ടറെ കാണാൻ കഴിഞ്ഞില്ലെങ്കിൽ മൂന്നു തവണ വീടുകൾ സന്ദർശിക്കണമെന്നാണ് നിർദ്ദേശം. ഒരു രേഖയും ഹാജരാക്കാൻ കഴിയാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹെൽപ്പ് ഡെസ്‌കിന്റെ സഹായം ലഭിക്കും.
കേരളത്തിൽ അർഹരായ എല്ലാവരും വോട്ടർപ്പട്ടികയിൽ ഉണ്ടാകും. പ്രവാസികൾക്ക് എസ്.ഐ.ആർ തടസമാകില്ല. കുടുംബാംഗങ്ങൾക്ക് അപേക്ഷ ഒപ്പിട്ട് പേരു ചേർക്കാനാകും. ആദിവാസി ഉന്നതികളിലടക്കം എല്ലാവർക്കും രേഖകളുണ്ട്. എസ്.ഐ.ആർ നടപ്പാക്കാൻ സംസ്ഥാനത്ത് നിലവിൽ പ്രതിസന്ധിയൊന്നുമില്ല.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച സമയക്രമം അനുസരിച്ച് എസ്.ഐ.ആർ പൂർത്തിയാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. അതിനനുസരിച്ച് കൂടുതൽ ബി.എൽ.എമാരെ നിയോഗിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ പറഞ്ഞു.
അടിസ്ഥാന രേഖ
2002ലെ പട്ടിക
ഇതിനു മുമ്പ് 2002ലാണ് കേരളത്തിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം നടപ്പാക്കിയത്. അത് കണക്കിലെടുത്ത് 2.4 കോടി വോട്ടർമാരുണ്ടായിരുന്ന അന്നത്തെ വോട്ടർപ്പട്ടിക അടിസ്ഥാന രേഖയാക്കിയാകും എസ്.ഐ.ആർ നടപ്പാക്കുക. 2025ലെ വോട്ടർപ്പട്ടികയിൽ 2.78 കോടി വോട്ടർമാരാണുള്ളത്. 2002ലെ വോട്ടർപ്പട്ടികയിലെ 68% വോട്ടർമാരും എസ്.ഐ.ആറിന്റെ കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെടുന്നതിനാൽ പരാതികൾക്ക് സാദ്ധ്യത കുറവാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ പറഞ്ഞു. 2002ലെ വോട്ടർപ്പട്ടികയിൽ പേരില്ലെങ്കിൽ അതിലുള്ള മാതാപിതാക്കളുടെ പേര് ചൂണ്ടിക്കാട്ടി ബന്ധം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ നൽകണം.
ഭവന സന്ദർശനം
നവംബർ 4 മുതൽ
ഇന്നു മുതൽ നവംബർ 3 വരെ: പരിശീലനം നവം.4- ഡിസം.4: ഉദ്യോഗസ്ഥരുടെ ഭവന സന്ദർശനം ഡിസം.9: കരടുപട്ടിക ഡിസം. 9- ജനു.8: പരാതി സ്വീകരിക്കൽ ഡിസം.9- ജനു.31: ഹിയറംഗ്, വെരിഫിക്കേഷൻ ഫെബ്രു.7: അന്തിമ വോട്ടർപ്പട്ടിക
2.78 കോടി നിലവിലെ വോട്ടർമാർ