വോഡഫോൺ ഐഡിയയ്ക്ക് ആശ്വാസം

Tuesday 28 October 2025 12:23 AM IST

കൊച്ചി: കടുത്ത ധന പ്രതിസന്ധി നേരിടുന്ന രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയ്ക്ക്(വി) ആശ്വാസം പകരുന്ന നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ജുഡീഷ്യറിയുടെ ഇടപെടൽ ഇല്ലാതെ അഡ്‌ജസ്‌റ്റ്ഡ് ഗ്രോസ് റെവന്യു(എ.ജി.ആർ) ബാദ്ധ്യത പുനപരിശോധിക്കാനും സുപ്രീം കോടതി സർക്കാരിനോട് നിർദേശിച്ചു. രാജ്യത്തെ 20 കോടി ഉപഭോക്താക്കളുടെ താത്പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വോഡഫോൺ ഐഡിയയുടെ പ്രവർത്തനം ആയാസരഹിതമായി നിലനിറുത്താൻ കേന്ദ്ര സർക്കാർ കമ്പനിയിൽ 49 ശതമാനം ഓഹരി പങ്കാളിത്തം നേടിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കോടതിയിൽ പറഞ്ഞു.

2016-17 വർഷം വരെയുള്ള എ.ജി.,ആർ ബാദ്ധ്യതകൾ വീണ്ടും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വോഡഫോൺ ഐഡിയ സുപ്രീം കോടതിയെ സമീപിച്ചത്. എ.ജി.ആർ ബാദ്ധ്യതയായി 9,450 കോടി രൂപ അധികം ആവശ്യപ്പെട്ട് ടെലികോം മന്ത്രാലയം കമ്പനിക്ക് കഴിഞ്ഞ മാസം പുതിയ നോട്ടീസ് നൽകിയിരുന്നു.