പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപം ഉയർത്തുന്നു
വിദേശ ഓഹരി പങ്കാളിത്തം 49% ആക്കിയേക്കും
കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ നിലനിറുത്തും. ഇതുസംബന്ധിച്ച് റിസർവ് ബാങ്കുമായി കഴിഞ്ഞ മാസങ്ങളിൽ കേന്ദ്ര ധനമന്ത്രാലയം ചർച്ചകൾ നടത്തി. രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപിക്കാൻ വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് താത്പര്യമേറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ ഫെഡറൽ ബാങ്ക്, ആർ.ബി.എൽ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നിവയിൽ വിദേശ സ്ഥാപനങ്ങൾ വൻ നിക്ഷേപം നടത്തിയിരുന്നു.
നിലവിൽ പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 20 ശതമാനമാണ്. അതേസമയം സ്വകാര്യ ബാങ്കുകളിൽ 75 ശതമാനം വരെ ഓഹരികൾ വാങ്ങുന്നതിന് വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. കനറാ ബാങ്കിലാണ് ഇപ്പോൾ വിദേശ നിക്ഷേപകർക്ക് ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ളത്. 12 ശതമാനം ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾക്ക് ബാങ്കിലുള്ളത്.
വിദേശ നിക്ഷേപം ആകർഷിക്കാൻ നടപടികൾ
ധനകാര്യ മേഖലയിലേക്ക് വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ വായ്പ നൽകുന്നതിനും ഓഹരികൾ ലിസ്‌റ്റ് ചെയ്യുന്നതിനും പങ്കാളിത്തം ഉയർത്തുന്നതിലുമുള്ള വിവിധ നിബന്ധനകളിൽ റിസർവ് ബാങ്കും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയും(സെബി) നിരവധി ഇളവ് നൽകി. ധനകാര്യ മേഖലയിലേക്കുള്ള പണമൊഴുക്ക് പ്രോത്സാഹിപ്പിക്കാൻ വിവിധ പരിഷ്‌കരണ നടപടികൾ നടപ്പാക്കാനും സെബി ഒരുങ്ങുകയാണ്.
നടപ്പുവർഷം വിദേശ നിക്ഷേപകർ പിൻവലിച്ചത്
1,700 കോടി ഡോളർ
ഇന്ത്യയുടെ അനുകൂല ഘടകങ്ങൾ
1. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകൾ
2. ഇടത്തരക്കാരുടെ എണ്ണത്തിലെ വർദ്ധന വായ്പാ ആവശ്യങ്ങൾ കൂട്ടുന്നു
3. അടിസ്ഥാന സൗകര്യ രംഗത്തെ മൂലധന നിക്ഷേപം സൃഷ്‌ടിക്കുന്ന അവസരങ്ങൾ
4. കേന്ദ്ര സർക്കാരിന്റെ സുസ്ഥിര ധന നയത്തിലെ നിക്ഷേപകരുടെ വിശ്വാസം