നേവൽ ഓഫീസർ വർഗീസ് മാത്യു 'കേരളകൗമുദി'യോട്: വിഴിഞ്ഞം തുറമുഖത്ത് നാവികസേനാ കേന്ദ്രം വരും

Tuesday 28 October 2025 1:32 AM IST

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി നാവികസേനാ ദിനാഘോഷം ഡിസംബർ നാലിന് തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കും. പേരുകേൾക്കുമ്പോൾ തന്നെ പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്‌ത്തിയ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ അടക്കം പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും മിസൈലുകളുമൊക്കെ ഇവിടേക്ക് എത്തും. കടലിലും ആകാശത്തും നാവികസേനയുടെ ശക്തിപ്രകടനത്തിന് ലോകം സാക്ഷിയാവും. മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷ. സേനാദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ നേവൽ ഓഫീസർ ഇൻ-ചാർജ് (കേരളം) കമോഡോർ വർഗീസ് മാത്യു 'കേരളകൗമുദി'യുമായി സംസാരിക്കുന്നു.

നാവികസേനാ ദിനത്തിന് തിരുവനന്തപുരം തിരഞ്ഞെടുക്കാൻ കാരണം?

തിരുവനന്തപുരത്തിന് വലിയൊരു നാവിക ചരിത്രമുണ്ട്. കുളച്ചൽ യുദ്ധവും മാർത്താണ്ഡവർമ്മയുടെ യുദ്ധതന്ത്രങ്ങളുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നമ്മൾ തോൽപ്പിച്ചു. യൂറോപ്യൻ സൈന്യത്തിനെതിരായ ആദ്യത്തെ ഏഷ്യൻ വിജയമായിരുന്നു അത്. മറ്റ് സമരങ്ങൾ സമാധാനപൂർണമായിരുന്നെങ്കിലും യുദ്ധവിജയമെന്നത് അതായിരുന്നു. അന്ന് യുദ്ധം നയിച്ച നായർ ബ്രിഗേഡ് പിന്നീട് മദ്രാസ് റെജിമെന്റായി.

ബ്രഹ്മോസ് എയ്‌റോസ്പേസ്, വിഴിഞ്ഞം തുറമുഖം, കെൽട്രോൺ ഇതെല്ലാം നാവികസേനയുമായി സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നാവികസേന തിരിച്ചും. നാവികസേനയുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് തിരുവനന്തപുരത്തേത്. സേനാദിനാഘോഷത്തിന് ഏറ്റവും യോജിച്ച സ്ഥലം.

വിഴിഞ്ഞം തുറമുഖത്ത് നാവികസേനാ കേന്ദ്രം വരുമോ?​

നിലവിൽ തിരുവനന്തപുരത്ത് സ്റ്റേഷൻ കമാൻഡറുണ്ട്. വികസനം സാധാരണമാണ്. ഇന്നല്ലെങ്കിൽ നാളെ ഇതെല്ലാം നടക്കും. ഓപ്പറേഷൻ കേന്ദ്രം നാവികസേന തീരുമാനിച്ച് നടപ്പാക്കും. നാവികസേനയുടെ വികസന പരിപാടിക്ക് ദീർഘകാല പദ്ധതിയുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറു വർഷം ആഘോഷിക്കുമ്പോൾ നാവികസേന എവിടെ നിൽക്കണം എന്ന സ്വപ്നമുണ്ട്. അതിന്റെ ഭാഗമാണ് ഇതെല്ലാം.

വിഴിഞ്ഞം തുറമുഖം ഉള്ളതിനാൽ

തിരുവനന്തപുരം തന്ത്രപ്രധാനമല്ലേ?

അതേ. വിഴിഞ്ഞം തന്ത്രപ്രധാനമായതിനാൽ സുരക്ഷ ഉറപ്പാക്കേണ്ടത് നാവികസേനയാണ്. അതിനുള്ള അവസരം കൂടിയാണിത്. ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടേതാണെന്നും ഇതൊരു തന്ത്രപരമായ മേഖലയാണെന്നും തിരിച്ചറിഞ്ഞാണ് നാവിക ദിനാഘോഷം തിരുവനന്തപുരത്ത് നടത്തുന്നത്. അത് വ്യക്തമാക്കാനുള്ള അവസരം കൂടിയാണിത്. ഇവിടത്തെ സുരക്ഷയും വിഭവങ്ങളും എല്ലാം പ്രധാനമാണ്.

നാവികസേനയിലെ അഗ്നിവീറിൽ കൂടുതലും മലയാളികളാണോ?

യുവജനങ്ങളെയെല്ലാം സേനയെക്കുറിച്ച് ബോധവത്കരിക്കാനാണ് ഇത്തരം ദിനാചരണങ്ങൾ. അഗ്നിവീറിൽ മലയാളി കുട്ടികളും ബോധവാന്മാരാണ്. അവരും അഗ്നിവീർ പദ്ധതിയിൽ ചേരുന്നുണ്ട്.

ആഘോഷിക്കുന്നത്

ഐതിഹാസിക ജയം

1971ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ കറാച്ചി തുറമുഖം ആക്രമിച്ച് നേടിയ വിജയമാണ് നാവികസേനാ ദിനമായി ആഘോഷിക്കുന്നത്. നാവികസേനയുടെ ശക്തിയും കൃത്യതയും ധൈര്യവും തന്ത്രപരമായ വൈഭവവും അന്ന് ലോകം കണ്ടു.