ആകാശത്തോളം
സീനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ കെ.ആർ. ആകാശിന് സ്വർണം
മുറിവിന്റെ വേദനയ്ക്ക് മരുന്നായി ആകാശിന് സ്വർണം
തിരുവനന്തപുരം: ഓരോ ചാട്ടം കഴിയുമ്പോഴും വേദനകടിച്ചമർത്തുകയായിരുന്നു ആകാശ്. ഒരു മാസം മുമ്പ് പരിശീലനത്തിനിടെ കാലിന്റെ തള്ളവിരലിലുണ്ടായ മുറിവ് ഭേദമാകാതെയാണ് കോതമംഗലം മാർബേസിലിന്റെ കെ.ആർ. ആകാശ് ഇന്നലെ സീനിയർ ആൺകുട്ടികളുടെ പോൾവാട്ട് മത്സരത്തിനായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എത്തിയത്. 4.10 മീറ്റർ ഉയരം ചാടിക്കടന്ന് സ്വർണവും നേടി.
മുറിവ് പഴുത്തപ്പോൾ മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ പഠനത്തിൽ ശ്രദ്ധിക്കാനായി കഴിഞ്ഞവർഷം സ്കൂൾ മേളയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ആകാശ് ഇക്കുറി എത്രവേദനിച്ചാലും മത്സരിക്കുകതന്നെയെന്ന് തീരുമാനിച്ചു. ചോറ്റാനിക്കര സ്വദേശിയായ ആകാശിന്റെ അമ്മ വി.വി. ശ്രീജ ദേശിയ മീറ്റിലെ സ്പ്രിന്റ് റിലേയിൽ സ്വർണ ജേതാവാണ്. 1991 -ൽ കട്ടക്കിൽ നടന്ന മീറ്റിലായിരുന്നു ശ്രീജയുടെ സ്വർണം. 100, 200 മീറ്ററുകളിൽ സംസ്ഥാനതലത്തിലും മത്സരിച്ചിട്ടുണ്ട്. സി.ആർ.പി.എഫിൽ ഉദ്യോഗസ്ഥയായിരുന്ന ശ്രീജ മകന്റെ മത്സരം കാണാൻ എത്തിയിരുന്നു.
ശിഷ്യന് സ്വർണം മകന് വെള്ളി,
പരിശീലകന് ഇരട്ടിമധുരം
പോൾ വാട്ടിൽ ഇന്നലെ ഒന്നും രണ്ടും സ്ഥാനം നേടിയത് ഒരേ കോച്ചിന്റെ രണ്ട് ശിഷ്യന്മാരാണ്. അതിലൊന്ന് കോച്ചിന്റെ മകനും. കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ കോച്ചായ സി.ആർ മധുവിന്റെ ശിഷ്യൻ ആകാശ് ഒന്നാമതും മകൻ ഗണേഷ് മധു രണ്ടാമതുമെത്തി. പഠനത്തിൽ അല്പം പിന്നിലോട്ടു പോയ ഇരുവരെയും കഴിഞ്ഞവർഷം മധു മത്സരത്തിനിറക്കിയിരുന്നില്ല. ഗണേഷിന് കിട്ടിയ മെഡലിനേക്കാൾ തനിക്ക് സന്തോഷം പകരുന്നത് ആകാശിന്റെ സ്വർണനേട്ടമാണെന്ന് മധു പറഞ്ഞു.
പോൾ പൊസിഷനിൽ
മാർബേസിൽ
പതിവുപോലെ പോൾ വാട്ടിൽ ഇത്തവണയും കോതമംഗലം മാർ ബേസിൽ സ്കൂൾ മെഡലുകൾ തൂത്തുവാരി. നാലു സ്വർണവും രണ്ടു വെള്ളിയുമാണ് നാലുഫൈനലുകളിൽ നിന്ന് സ്വന്തമാക്കിയത്. പോൾ വാട്ട് പരിശീലനത്തിന് സ്കൂളിൽ സൗകര്യം ഇല്ലാത്തതിനാൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ആഴ്ചയിൽ മൂന്നുദിവസം കുട്ടികളെ എത്തിച്ചാണ് കോച്ച് മധു പരിശീലിപ്പിക്കുന്നത്.