കളഞ്ഞുപോയ മെഡലിന് പകരം ശിവപ്രസാദിന് പുതിയ മെഡൽ

Monday 27 October 2025 11:37 PM IST

തിരുവനന്തപുരം : പുത്തരിക്കണ്ടത്തെ ഭക്ഷണപ്പുരയിൽ നഷ്ടമായ തന്റെ 800 മീറ്ററിലെ വെള്ളിമെഡലിന് പകരം പുതിയ മെഡൽ ലഭിച്ച സന്തോഷത്തിലാണ് ജി.വി രാജ സ്കൂളിലെ എ. ശിവപ്രസാദ്. തിരുവനന്തപുരം മൈലം ജി. വി. രാജാ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് . കഴിഞ്ഞദിവസങ്ങളിൽ 1500 മീറ്ററിൽ സ്വർണവും, 3000 മീറ്ററിൽ വെങ്കലവും നേടിയിരുന്ന ശിവപ്രസാദ് 800 മീറ്ററിലെ മെഡൽ നേട്ടത്തിന് പിന്നാലെ അത്താഴം കഴിക്കാൻ പോയപ്പോഴാണ് നഷ്ടമായത്. കളഞ്ഞുപോയ മെഡൽ കണ്ടുപിടിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംഘാടകർ പുതിയ മെഡൽതന്നെ നൽകി സങ്കടംമാറ്റി.

തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ശിവപ്രസാദ് എട്ടാം ക്ലാസിലാണ് ജി.വി.രാജയിലെത്തുന്നത്. അച്ഛൻ അയ്യപ്പൻ ഓട്ടോറിക്ഷ ഡ്രൈവറും അമ്മ മീന തയ്യൽ തൊഴിലാളിയുമാണ്. തയ്യൽ തൊഴിലാളി ക്ഷേമനിധിയുടെ ചിട്ടി പിടിച്ചാണ് അമ്മ ശിവപ്രസാദിന് ആദ്യ സ്പൈക്സ് വാങ്ങി കൊടുത്തത്. കെ.എസ് അജിമോനാണ് കോച്ച്.