നാവികസേനാ ദിനാഘോഷം: പടക്കപ്പലുകളുമായി സേന തലസ്ഥാനത്തേക്ക്
തിരുവനന്തപുരം:ഇക്കൊല്ലത്തെ നാവികസേനാ ദിനാഘോഷം ഡിസംബർ നാലിന് തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കും.ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത്,പടക്കപ്പലുകൾ, അന്തർവാഹിനികൾ,യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സന്നാഹങ്ങളുമായാണ് നാവികസേന തലസ്ഥാനത്ത് എത്തുന്നത്.ഡിസംബർ ഒന്ന് മുതൽ കപ്പലുകൾ എത്തിതുടങ്ങും.ശംഖുംമുഖത്ത് 700പേർക്കിരിക്കാവുന്ന വി.ഐ.പി ഗ്യാലറിയും പതിനായിരം പേർക്ക് ഇരിപ്പിട സൗകര്യവും സജ്ജമാക്കും.വിദേശ രാജ്യങ്ങളുടെ ഡിഫൻസ് അറ്റാഷെമാരും തിരുവനന്തപുരത്തെത്തും.നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ ജനങ്ങൾക്ക് വ്യക്തതയോടെ കാണാനാവുമെന്നും ഉന്നത രാഷ്ട്രീയ നേതൃത്വം മുഖ്യാതിഥിയായെത്തുമെന്നും നേവൽ ഓഫീസർ ഇൻ-ചാർജ് (കേരളം) കമോഡോർ വർഗീസ് മാത്യു,കൊച്ചിയിലെ ഡിഫൻസ് പി.ആർ.ഒ കമാൻഡർ അതുൽ പിള്ള,തിരുവനന്തപുരത്തെ ഡിഫൻസ് പി.ആർ.ഒ ബിജു കെ.മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി ആതിഥേയത്വം വഹിക്കും.ദിനാഘോഷത്തിന്റെ ഭാഗമായി ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നിന്നുള്ള നാവിക സംഘാംഗങ്ങൾ തിരുവനന്തപുരത്തെ കോളേജുകളിലും സ്കൂളുകളിലും സമ്പർക്ക പരിപാടിയും ശിൽപ്പശാലകളും നടത്തും.നവംബർ 26ന് വൈകിട്ട് 6ന് നിശാഗന്ധിയിൽ ദക്ഷിണ നാവിക കമാൻഡ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയുണ്ട്.