നഗരസഭ ഭരണസമിതി ഉടനിറങ്ങും.... സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഗതികേട് മാറിയില്ല

Tuesday 28 October 2025 12:15 AM IST

കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ തതകർന്നുവീഴാൻ വെമ്പുന്ന കാത്തിരിപ്പ് കേന്ദ്രം

കൊട്ടാരക്കര: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി നഗരസഭ ഭരണസമിതി ഇറങ്ങാൻ നേരമടുത്തു. തിരക്കേറിയ കൊട്ടാരക്കര പട്ടണത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നാളിതുവരെ നയാപൈസയുടെ വികസനം നടന്നില്ല. നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ് സ്റ്റാൻഡ് തീർത്തും ദുരിതത്തിൽ. സെപ്ടിക് ടാങ്ക് മാലിന്യമടക്കം മഴക്കാലത്ത് സ്റ്റാൻഡിലേക്ക് ഒഴുകിയെത്താറുമുണ്ട്. ധനകാര്യ വകുപ്പ് മന്ത്രിയുടെ മണ്ഡലമായിട്ടും ബസ് സ്റ്റാൻഡിന്റെ ഗതികേട് മാറാത്തതിൽ യാത്രക്കാർക്ക് അമർഷവുമുണ്ട്. മന്ത്രി മുൻകൈയെടുത്ത് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. വിവിധ കോണുകളിൽ നിന്നും അലംഭാവം തുടരുമ്പോൾ യാത്രക്കാരുടെ ബുദ്ധിമുട്ടുകളാണ് ഏറുന്നത്.

തലയ്ക്കുമീതെ അപകടം

ഓരോ ബസ് വന്നുപോകുമ്പോഴും നഗരസഭയ്ക്ക് ഫീസിനത്തിൽ വരുമാനമുണ്ട്. എന്നാൽ ബസ് ജീവനക്കാർക്ക് വിശ്രമിക്കാൻ നാളിതുവരെ യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. യാത്രക്കാർ മഴയത്തും വെയിലത്തും നിൽക്കുന്നത് പഴഞ്ചൻ കാത്തിരിപ്പ് കേന്ദ്രത്തിന് കീഴിലാണ്. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഈ കാത്തിരിപ്പ് കേന്ദ്രം. കോൺക്രീറ്റ് ഇളകി, കമ്പികൾ പുറത്ത് വന്നിട്ട് നാളേറെയായി. ജീർണാവസ്ഥയിലായ ഈ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാനെങ്കിലും അധികൃതർ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തത്തിന് ഇടയാക്കും.

ഹൈടെക് ബസ് സ്റ്റാൻഡ് പറ്റിപ്പാണോ?

  • കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡ് പദ്ധതിയ്ക്ക് തുക അനുവദിച്ചിട്ട് വർഷങ്ങളായി.
  • 2022 മാർച്ച് 12ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണോദ്ഘാടനം നടത്തിയതാണ്.
  • ആ പദ്ധതി എവിടേക്ക് പോയെന്നതിൽ ഇപ്പോഴും അധികൃതർക്ക് മൗനമാണ്.
  • 75 ലക്ഷം രൂപയാണ് ആദ്യഘട്ട നിർമ്മാണത്തിന് അനുവദിച്ചത്.
  • ബസ് പാർക്കിംഗിന് ആവശ്യത്തിന് സ്ഥലം, കച്ചവട സ്ഥാപനങ്ങൾ, ടോയ്‌ലറ്റുകൾ, വിശ്രമസ്ഥലം, ആധുനിക വെയിറ്റിംഗ് ഷെഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കാനായിരുന്നു പദ്ധതി.
  • എ.ടി.എം. കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം എന്നിവയൊക്കെ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. പക്ഷെ, ഒന്നും നടന്നില്ല.