ജില്ലയിലെ നിത്യഹരിതമാക്കി 187 പച്ചത്തുരുത്തുകൾ, ആകെ വിസ്തൃതി 85.735 ഏക്കർ

Tuesday 28 October 2025 12:32 AM IST

മലപ്പുറം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ്ഥാപിച്ചത് 187 പച്ചത്തുരുത്തുകൾ. 85.735 ഏക്കറാണ് ആകെ നിത്യഹരിതമാക്കിയത്. 69 പഞ്ചായത്തുകളിലായി 147ഉം 11 നഗരസഭകളിലായി 40 എണ്ണവുമാണ് സ്ഥാപിച്ചത്. നഗരസഭകളിൽ കൊണ്ടോട്ടിയിൽ മാത്രമാണ് പദ്ധതി നടപ്പാക്കാനുള്ളത്. ഈ മാസം എട്ട് പച്ചത്തുരുത്തുകളാണ് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ മാസം 16 പച്ചത്തുരുത്തുകളാണ് സ്ഥാപിച്ചത്.

പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ ഫലവൃക്ഷത്തൈകളും നാട്ടുസസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിദ്ധ്യ തുരുത്തുകളുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ പച്ചത്തുരുത്തുകളിലൂടെ സാധിക്കും. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ 2019ലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിൽ മാതൃകാ പച്ചത്തുരുത്തായി തിരഞ്ഞെടുത്തിരിക്കുന്ന സ്കൂൾ അരീക്കോട് ജി.എച്ച്.എസ്.എസ് ആണ്. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും സ്കൂളിന് ലഭിച്ചിരുന്നു.

'ഒരു തൈ തടാം'

പച്ചത്തുരുത്തുകൾക്ക് പുറമേ 'ഒരു തൈ തടാം' വൃക്ഷവൽക്കരണ ക്യാമ്പയിനിന്റെ ജില്ലാതല പ്രഖ്യാപനം ഇന്ന് നടക്കും. ക്യാമ്പയിനിലൂടെ ലക്ഷ്യം വെച്ച 12 ലക്ഷം തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടൊപ്പം സമഗ്ര വൃക്ഷവൽക്കരണ പ്രവർത്തനവും ലക്ഷ്യമിട്ടാണ് ഒരു തൈ നടാം കാമ്പെയിൻ ജൂൺ അഞ്ചിന് ആരംഭിച്ചത്. വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതക‌ർമ്മ സേനാംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വായനാശാലകൾ, സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ, ആരാധനാലയങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചായിരുന്നു ക്യാമ്പയിൻ നടന്നത്.

ആകെ പച്ചത്തുരുത്തുകൾ - 187

ആകെ വിസ്തൃതി - 85.735 ഏക്കർ

പഞ്ചായത്തുകളിൽ സ്ഥാപിച്ചത് - 147

നഗരസഭകളിൽ സ്ഥാപിച്ചത് - 40

ഓരോ മാസവും നിശ്ചിത എണ്ണം പച്ചത്തുരുത്തുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ മാസം ലക്ഷ്യമിട്ട എട്ട് പച്ചത്തുരുത്തുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കൊണ്ടോട്ടി നഗരസഭയിലും പദ്ധതി ഉടൻ നടപ്പിലാക്കും.

ഹരിത കേരളം മിഷൻ അധികൃതർ