ആളെ വീഴ്ത്തി റോഡിലെ കുഴി... പക്ഷേ, നന്നാക്കാൻ നടപടിയില്ല
നിലമ്പൂർ: ചന്തക്കുന്ന് ബംഗ്ലാവുംകുന്ന് റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. അതിരാവിലെ നടക്കാനിറങ്ങുന്നവരും പള്ളിയിലേക്ക് പോകുന്നവരും സ്‌കൂൾ കുട്ടികളും റോഡിലെ കുഴികളിൽ വീഴാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലങ്ങളിൽ വെള്ളം കെട്ടി നിൽക്കുമ്പോൾ കുഴികളിൽ വീഴുന്നതും പതിവാണ് . ഓട്ടോറിക്ഷയിലും ബൈക്കിലും സഞ്ചരിക്കുന്നവർക്ക് വാഹനം മറിഞ്ഞു അപകടം ഉണ്ടാകുന്നതും സ്ഥിരം സംഭവമായിട്ടുണ്ട്.
250ലധികം കുടുംബങ്ങളും 50 ഓളം വീടുകൾ വരുന്ന ഒരു നഗറും ബംഗ്ലാവ് കുന്നിന്റെ നാലുവശങ്ങളിലുമായുണ്ട്. പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി നടക്കാത്തതാണ് റോഡ് തകരാൻ കാരണം. വനംവകുപ്പുമായുള്ള തർക്കമാണ് റോഡിന്റെ വികസനം മുടങ്ങാൻ പ്രധാന കാരണം. വനത്തിൽ നിന്ന് 300 മീറ്റർ അകലെ സി.എൻ.ജി റോഡ് മുതൽ വനത്തിന്റെ അതിർത്തി വരെ വനം വകുപ്പ് ജണ്ടകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ റോഡിലെ അറ്റകുറ്റപ്പണി നടത്താൻ ആരും തയ്യാറാകുന്നില്ല.പൊതുപ്രവർത്തകനായ മുസ്തഫ കളത്തുംപടിയ്ക്കൽ വനംവകുപ്പിന്റെ അവകാശവാദത്തിനെതിരെ വില്ലേജ്, താലൂക്ക് എന്നിവിടങ്ങളിൽ നിന്നും വിവരാവകാശ രേഖ ശേഖരിച്ചിരുന്നു. അതുപ്രകാരം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്നാണ് കണ്ടെത്തിയത്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. റോഡിന്റെ പുനരുദ്ധാരണത്തിനുള്ള വനം വകുപ്പിന്റെ അനുമതി താമസിയാതെ കിട്ടിയേക്കുമെന്നാണ് സൂചന.
റോഡിന്റെ അറ്റകുറ്റ പണിക്കുള്ള ഫണ്ട് നിലമ്പൂർ നഗരസഭ അനുവദിച്ചിട്ടുണ്ട്. അനുമതി വനംവകുപ്പിൽ നിന്ന് ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥ കൂടി അനുകൂലമായാൽ വൈകാതെ പ്രവൃത്തി തുടങ്ങാനാവും.
റെനീഷ് കുപ്പായി
വാർഡ് കൗൺസിലർ