വാടക നിഷേധിച്ചു: വീഴാറായ ആർമി ടവറിൽ ഒറ്റയ്ക്ക് താമസിച്ച് കേണൽ

Tuesday 28 October 2025 2:42 AM IST

കൊച്ചി: എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന വൈറ്റില ചന്ദേർകുഞ്ജ് ആർമി ടവേഴ്സി​ലെ 29 നില കെട്ടിടത്തിൽ ഒറ്റയ്‌ക്കായിട്ടും നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ല റിട്ട. കേണൽ സിബി ജോർജ്. സി​ ടവർ ഒന്നാം നി​ലയി​ലെ സി​-101-ാം ഫ്ളാറ്റി​ൽ ഭാര്യയുമൊത്താണ് സിബി താമസിക്കുന്നത്. രണ്ട് ടവറുകളിലെയും 208 താമസക്കാരി​ൽ 207പേരും ഒഴി‌ഞ്ഞു. മാറിതാമസിക്കാൻ വാടകത്തുക നൽകുന്നതിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഒറ്റയാൻ പോരാട്ടം.

കെട്ടിടം പൊളിച്ച് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായാണ് താമസക്കാരെ മാറ്റിയത്. പുനർനിർമ്മാണം പൂർത്തിയാകുന്നതുവരെ മാറിതാമസിക്കുന്നതിന് ആർമി​ വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) ഉടമകൾക്ക് വാടക നൽകും. എന്നാൽ, സിബിക്കുമാത്രം നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് സിബി കെട്ടിടത്തിൽ താമസം തുടരുന്നത്. 30,000- 35,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വാടക.

നി​ർമ്മാണ പി​ഴവാണ് നിർമ്മിച്ച് ഏഴുവർഷത്തിനിടെ ടവറുകളുടെ ബലക്ഷയത്തി​ന് കാരണമായതെന്നാണ് ആക്ഷേപം. ഇതിനെതിരെ താമസക്കാർ പലരും രംഗത്തു വരാൻ ഭയന്നപ്പോൾ കേസുകളുമായി​ മുന്നോട്ടുപോയത് സി​വി​ൽ എൻജി​നി​യറും അഭി​ഭാഷകനുമായ റി​ട്ട. കേണൽ സി​ബി​യാണ്. അതിന്റെ പകയാണ് വാടക നൽകാതെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് ആരോപണം.

ഉത്തരവുണ്ടായിട്ടും

വാടക നൽകുന്നില്ല

പുനർനി​ർമ്മാണത്തി​ന് 212 കോടി​യാണ് ചെലവ് കണക്കാക്കുന്നത്. താമസക്കാരുടെ ആറുമാസത്തെ വാടകയ്‌ക്കായി​ 2.97 കോടി​ കൈമാറി​യി​ട്ടുണ്ട്. ജി​ല്ലാ കളക്ടറുടെ ഉത്തരവുണ്ടായി​ട്ടും സിബിക്കു മാത്രം വാടക നൽകുന്നി​ല്ല. വീടൊഴി​യാൻ ഹൈക്കോടതി​യുടെയും കളക്ടറുടെയും ഉത്തരവുണ്ടെങ്കി​ലും വാടകയി​ല്ലാതെ എവി​ടേക്ക് പോകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

കെട്ടിടത്തിൽ വൈദ്യുതി​യും വെള്ളവും എപ്പോൾ വേണമെങ്കി​ലും നി​ലയ്‌ക്കാം. മാലി​ന്യനീക്കവും ക്ളീനിംഗും ഉൾപ്പെടെ മറ്റ് സർവീസുകൾ നി​റുത്തി​.

'' സൈനി​കരെ വഞ്ചി​ച്ചവർ രക്ഷപ്പെടാതി​രി​ക്കാനാണ് എന്റെ പോരാട്ടം

-റിട്ട. കേണൽ സി​ബി​ ജോർജ്