സ്വർണവുമായി പറന്നിട്ടും അഷ്ഫഖിന് ഓടാനായി​ല്ല

Tuesday 28 October 2025 1:58 AM IST

തിരുവനന്തപുരം : സൗത്ത്ഏഷ്യൻ സീനിയർ അത്‌ലറ്റിക് മീറ്റിലെ ഒരു സ്വർണവും രണ്ടു വെള്ളിയുമായി റാഞ്ചിയിൽ നിന്ന് പറന്നെത്തിയെങ്കിലും മുഹമ്മദ് അഷ്ഫഖിന് തന്റെ അവസാന സ്കൂൾ കായികമേളയിൽ മത്സരിക്കാനാവില്ല. അഷ്ഫഖിന്റെ ഇനമായ 400 മീറ്ററിന്റെ ഹീറ്റ്സ് ഇന്നലെരാത്രി എട്ടോടെ കഴിഞ്ഞു. ഒൻപത് മണിയോടെ വിമാനത്തിലെത്തിയ അഷ്ഫഖിന് ഇന്ന് രാവിലെ ഒരു ട്രയൽസ് നടത്തി ഫൈനലിൽ ഓടാനുള്ള അവസരമെങ്കിലും ചോദിച്ച് മന്ത്രിഓഫീസിൽ അപേക്ഷ നൽകിയെങ്കിലും ഷെഡ്യൂളിൽ മാറ്റംവരുത്താനാവില്ലെന്ന സംഘാടകരുടെ നി​ലപാടി​നു മുന്നിൽ കഴിഞ്ഞസ്കൂൾ മേളയിലെ ബെസ്റ്റ് അത്‌ലറ്റിന്റെ കണ്ണീരുവീണു!. ഉയർന്നതലത്തി​ലെ മത്സരങ്ങൾക്കായി​ പോകുന്ന കായി​കതാരങ്ങൾക്ക് അതേസമയം നടക്കുന്ന മറ്റ് മത്സരങ്ങളി​ൽ അത്‌ലറ്റി​ക് ഫെഡറേഷൻ ട്രയൽസി​ലൂടെ അവസരം നൽകുമ്പോഴാണ് സ്കൂൾ മീറ്റി​ൽ അതി​ന് നി​യമമി​ല്ലെന്നു പറഞ്ഞ് സംഘാടകർ കൈമലർത്തുന്നത്.

അവസാന സ്കൂൾ മീറ്റ് അടിപൊളിയാക്കാൻ കാത്തിരുന്ന അഷ്ഫഖിന് അപ്രതീക്ഷിതമായാണ് ദക്ഷിണേഷ്യൻ മീറ്റിനുള്ള ഇന്ത്യൻ സീനിയർടീമിലേക്ക് വിളിയെത്തിയത്. സ്കൂൾ മീറ്റിന്റെ അതേസമയത്തായിരുന്നു റാഞ്ചിയിൽ സൗത്ത്ഏഷ്യൻ മീറ്റ്. സീനിയർ ഇന്ത്യൻ കുപ്പായമണിയാൻകിട്ടിയ അവസരം കളയാതിരുന്ന അഷ്ഫഖ് 25-ാം തീയതി 400 മീറ്റർ വ്യക്തിഗതമത്സരം കഴിഞ്ഞാലുടൻ തിരിച്ചുവരാൻ സ്വന്തംചെലവിൽ വിമാനടിക്കറ്റെടുത്തു. പക്ഷേ, ഏഷ്യൻ ചാമ്പ്യനായ ശ്രീലങ്കൻ താരത്തിനൊപ്പമോടി രണ്ടാമതെത്തിയതോടെ ഈ 19കാരനെ പുരുഷ, മിക്സഡ് റിലേകൾക്കുള്ള ടീമിലെടുത്തു. പുരുഷടീമിനൊപ്പംവെള്ളിയും മിക്സഡിൽ സ്വർണവുംനേടി. പക്ഷേ, അഷ്ഫഖിന്റെ യാത്ര താളംതെറ്റി. ആദ്യമെടുത്ത വിമാനടിക്കറ്റ് റദ്ദാക്കി. പിന്നെ ഇന്നലെ വൈകിട്ടേ റാഞ്ചിയിൽനിന്ന് വിമാനമുണ്ടായിരുന്നുള്ളൂ. ഷെഡ്യൂൾ മാറ്റാനാവില്ലെന്ന് വാശിപിടിച്ച സംഘാടകർ ജാവലിൻ ത്രോ ഉൾപ്പടെയുള്ള മത്സരങ്ങളുടെ ഷെഡ്യൂളും വേദിയും മഴകാരണം പലതവണ മാറ്റിയിരുന്നു. ഇന്ന് നി​ശ്ചയി​ച്ചി​രുന്ന ക്രോസ് കൺ​ട്രി​ ഇന്നലയേ നടത്തി​. തൃശൂർ പെരിഞ്ഞനം സ്വദേശികളായ അഷ്റഫിന്റെയും ജസീനയുടെയും മകനാണ് അഷ്ഫഖ്.

വാഗ്ദാനമായ പ്രതിഭ

ജൂനിയർ തലത്തിലെ ഏറ്റവും പ്രതീക്ഷയുണർത്തുന്ന മലയാളി അത്‌ലറ്റ്.തിരുവനന്തപുരം ജി.വി രാജസ്കൂളിൽ കെ.എസ് അജിമോന് കീഴിൽ പരിശീലനം. ഒഡിഷയിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ 400 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടി. അമേരിക്കയിൽ നടക്കുന്ന ലോക ജൂനിയർ മീറ്റിന് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ സൗത്ത് ഏഷ്യൻ മീറ്റിലെ പ്രായംകുറഞ്ഞ ഇന്ത്യൻതാരമായി സീനിയർ അരങ്ങേറ്റം.

നഷ്ടം കേരളത്തിന്

സംസ്ഥാനമീറ്റിൽ മത്സരിക്കാതെ ദേശീയ സ്കൂൾമീറ്റിന് പോകാനാവില്ല. 400 മീറ്ററിലും റിലേയിലും ഉറച്ച സ്വർണമാകും കേരളത്തിന് നഷ്ടമാവുക.