വയലാർ സാഹിത്യ പുരസ്കാരം സമ്മാനിച്ചു

Tuesday 28 October 2025 2:57 AM IST

തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ വയലാർ സാഹിത്യ പുരസ്കാരം ഇ.സന്തോഷ്‌കുമാറിന് നൽകി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ പുരസ്കാര ജേതാക്കളായ ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, ഏഴാച്ചേരി രാമചന്ദ്രൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി.മോഹൻ കുമാർ, കെ.പി.രാമനുണ്ണി, ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, അശോകൻ ചരുവിൽ, വി.ജെ.ജെയിംസ്, എസ്.ഹരീഷ് എന്നിവർ ചേർന്നാണ് നൽകിയത്.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഇ.സന്തോഷ്‌കുമാറിന്റെ തപോമയിയുടെ അച്ഛൻ എന്ന നോവലിനാണ് ലഭിച്ചത്. പ്രശസ്തിപത്രം ട്രസ്റ്റ് അംഗം ഡോ.വി.രാമൻകുട്ടി കൈമാറി.

വയലാറിന്റെ 50-ാം ചരമദിനത്തോട് അനുബന്ധിച്ച് 50 സ്മൃതിദീപങ്ങൾ തെളിച്ചു. ചടങ്ങിൽ എം.കെ.സാനു അനുസ്മരണവും ഒരു വർഷം നീണ്ടുനിൽക്കുന്ന വയലാർ സ്മൃതിവർഷ പരിപാടികളുടെ വിശദീകരണവും കവി പ്രഭാവർമ്മ നടത്തി. ജഡ്ജിംഗ് കമ്മിറ്റി അംഗം ടി.ഡി.രാമകൃഷ്ണൻ, വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി ബി.സതീശൻ, ഇ.സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.