പിടിവിട്ട് അമീബിക് മസ്തിഷ്ക ജ്വരം
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പല തരത്തിൽ പടരുമ്പോൾ സർക്കാർ ഇരുട്ടിൽ തപ്പുന്നു. രോഗ വ്യാപനം രൂക്ഷമായിരിക്കെ, പഠനം ആരംഭിച്ചിട്ടില്ല. ചോദ്യാവലി തയ്യാറക്കി വിവര ശേഖരണത്തിന് തയ്യാറെടുക്കുന്നതേയുള്ളൂ.
മലിന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതാണ് രോഗ പകർച്ചയ്ക്ക് കാരണമായി കണ്ടെത്തിയിരുന്നത്. എന്നാൽ പൈപ്പ് വെള്ളം കുടിച്ചവരും വർഷങ്ങളായി കിടപ്പു രോഗികളായിരുന്നവരും രോഗം ബാധിച്ച് മരിച്ചു. കൂട്ടം കൂടി താമസിക്കുന്നവർ, മലിന വെള്ളവുമായി ഇടപഴകി ജോലി ചെയ്യുന്നവർ എന്നിങ്ങനെ നീളുന്നു രോഗികൾ. കിണറുകളിലും വാട്ടർ ടാങ്കുകളിലും ഉൾപ്പെടെ അമീബ പെരുകിയതായി ആശങ്കയുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം ജലവുമായി കലർന്നതും സ്വീവേജ് മാലിന്യ ലൈനുകൾ പൊട്ടി കുടി വെള്ള പൈപ്പ് ലൈനുകളുമായി ചേരുന്നതും വ്യാപനത്തിന് കാരണമാണ്.
സാദ്ധ്യതകൾ
1,അമീബയുള്ള വെള്ളം ശരീരത്തിലെ മുറിവിലൂടെ കയറാം.
2,ഇത്തരം വെള്ളം കുടിക്കുമ്പോൾ തുള്ളികൾ മൂക്കിനുള്ളിൽ വീണാൽ രോഗം പടരാം.
3,പ്രതിരോധ ശേഷി കുറഞ്ഞവരിൽ വ്യാപന സാദ്ധ്യത കൂടുതൽ.
പോംവഴി
മൂന്നു മാസത്തിലൊരിക്കൽ ക്ലോറിനേഷൻ കിണറിലും വാട്ടർ ടാങ്കിലും . 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കണം.