ഋഷഭിന്റെ അലർച്ചയ്‌ക്ക് രാജകൃഷ്ണന്റെ ഡിസൈൻ

Tuesday 28 October 2025 3:00 AM IST

തിരുവനന്തപുരം:സൂപ്പാർഹിറ്റായ കാന്താര-2 വിൽ ജനം നെഞ്ചിലേറ്റിയ ക്ലൈമാക്‌സിലെ അലർച്ച ഒരുക്കിയത് മലയാളിയായ എം.ആർ.രാജകൃഷ്ണൻ.ചിത്രത്തിലെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ ശബ്ദം രാജകൃഷ്ണൻ കഥാസാഹചര്യത്തിനനുസരിച്ച് ഡിസൈൻ ചെയ്യുകയായിരുന്നു.സിനിമയ്‌ക്കൊപ്പം താനൊരുക്കിയ കൃത്രിമ അലർച്ചയും ജനം ഏറ്റെടുത്തതോടെ രാജകൃഷ്ണനും ഹാപ്പി.അനശ്വര സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണന്റെ മകനാണ് രാജകൃഷ്ണൻ.

'ദൈവം മനുഷ്യനിലേക്ക് കയറുമ്പോഴുള്ള അലർച്ചയാണ്.ഭക്തി തോന്നണം"- ഇതായിരുന്നു രാജകൃഷ്ണന് കിട്ടിയ നിർദ്ദേശം.

ക്ലൈമാക്‌സിൽ ഋഷഭിന്റെ കഥാപാത്രത്തിന് സ്ത്രൈണത വരുന്നുണ്ട്.ഋഷഭിന്റെ മാനറിസമനുസരിച്ച് ശബ്ദത്തിന് വരുത്തിയ മാറ്റമാണ് ദൈവീകമായ അനുഭവമായി മാറിയതെന്ന് രാജകൃഷ്ണൻ പറയുന്നു.ഒരു സ്ത്രീയെക്കൊണ്ട് ഡബ് ചെയ്‌തെങ്കിലും ശരിയായില്ല.തുടർന്ന് ഡീ ഹ്യൂമണൈസർ,ആൾട്ടർ ബോയ് എന്നീ സാങ്കേതിക വിദ്യകൾ (പ്ലഗ് ഇൻ) ഉപയോഗിച്ച് ശബ്ദത്തെ പ്രത്യേക രീതിയിൽ മാറ്രി.ഇവ കൃത്യമായി ഉപയോഗിച്ചാലേ ഫലമുണ്ടാകൂ"-രാജകൃഷ്ണൻ പറഞ്ഞു.

കാന്താര-1ൽ ആദ്യ അലർച്ച വരുന്നത് ടോപ്പ് ആങ്കിൾ ഷോട്ടിലാണ്.കാടു നിറഞ്ഞു കേൾക്കുന്നതു പോലെ വേണമെന്നാണ് ഋഷഭ് പറഞ്ഞത്.അതിനായി ഋഷഭിന്റെ ശബ്ദം പലവട്ടം പ്രോസസ് ചെയ്തു.ഋഷഭിന്റെ അലർച്ചയ്ക്കു തന്നെ പ്രത്യേകതയുണ്ട്.അത് പരിഷ്കരിച്ചപ്പോൾ ഗംഭീരമായി.രണ്ടാം ഭാഗത്തിൽ അലർച്ച നിയന്ത്രിച്ച് ഉപയോഗിച്ചു.ക്ലൈമാക്സിലാണ് ഉച്ചസ്ഥായിലാക്കിയത്.

 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിലും" കാന്താര

കാന്താര 2ന്റെ മിക്സിംഗ് നടക്കുമ്പോഴാണ് മലയാള ചിത്രം 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന സിനിമയുടെ ജോലിയും നടന്നത്.അതിൽ നായകനായ മാത്യു തോമസാണ് ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തിനും ഡബ് ചെയ്‌തത്.കാന്താരയിലെ ടെക്നിക്കാണ് രാജകൃഷ്ണൻ അതിനുമപയോഗിച്ചത്.ബോളിവുഡ് സിനിമ അനിമലിന്റെ ശബ്ദമികവിന് കഴിഞ്ഞ തവണത്തെ ദേശീയ പുരസ്‌കാരം എം.ആർ. രാജകൃഷ്ണന് ലഭിച്ചിരുന്നു.രണ്ടാമത്തെ ദേശീയ അവാർഡായിരുന്നു അത്.