പാൽ സംഭരണത്തിൽ മുന്നേറി മിൽമ

Tuesday 28 October 2025 3:05 AM IST

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസം പാൽ സംഭരണത്തിലും വിൽപ്പനയിലും മികച്ച നേട്ടം കൈവരിച്ച് മിൽമ. സംഭരണം പ്രതിദിനം 12,15,289 ലിറ്ററാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,66,340 ലിറ്റർ ആയിരുന്നു. 1,48,949 ലിറ്ററിന്റെ വർദ്ധന. മലബാർ മേഖല യൂണിയനാണ് കൂടുതൽ പാൽ സംഭരിച്ചത്. പ്രതിദിനം 6,69,126 ലിറ്റർ. എറണാകുളം മേഖല യൂണിയൻ 2,83,114 ലിറ്ററും തിരുവനന്തപുരം മേഖല യൂണിയൻ 2,63,049 ലിറ്ററും സംഭരിച്ചു.

പാൽ വിൽപ്പനയിലും നേട്ടം കൈവരിക്കായി. മൂന്ന് യൂണിയനുകളും ചേർന്ന് പ്രതിദിനം 16,83,781 ലിറ്റർ പാലാണ് ആറു മാസക്കാലയളവിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 16,50,296 ലിറ്റർ ആയിരുന്നു.

ഉയർന്ന ഉത്പാദന ചെലവുൾപ്പെടെ വെല്ലുവിളി നേരിട്ടിട്ടും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. കർഷകർക്ക് അധിക പാൽ വിലയായി 4,00,17,449 രൂപയും കന്നുകാലി സബ്സിഡിയായി 5,47,91,850 രൂപയും മലബാർ മേഖല നൽകി. എറണാകുളം യൂണിയൻ അധിക പാൽവില നൽകുന്നതിന് 11,23,61,130 രൂപയും തിരുവനന്തപുരം യൂണിയൻ 10,73,61,164.19 രൂപയും അനുവദിച്ചു. കാലിത്തീറ്റ ചാക്കിന് മിൽമ നൽകിവരുന്ന 100 രൂപ സബ്സിഡി ഡിസംബർ വരെ തുടരും.