പോസ്റ്റ്‍മോർട്ടത്തിന് മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

Tuesday 28 October 2025 3:10 AM IST

പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം ചെയ്യാൻ മറന്നതോടെ വീട്ടിലെത്തിച്ച മൃതദേഹം തിരിച്ചു കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം .

വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്റെ (62)മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് വീട്ടിൽ പൊതുദർശനം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാർ പൊലീസുമായെത്തി മൃതദേഹം തിരികെ കൊണ്ടുപോവുകയായിരുന്നു. ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡി.എം.ഒ അറിയിച്ചു.

സെപ്തംബർ 25നാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. രാത്രി 9.30ഓടെ ജില്ലാആശുപത്രി ജീവനക്കാരും പിന്നാലെയെത്തി. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണ സർട്ടിഫിക്കറ്റ് ലഭിക്കൂയെന്നും ജില്ലാ ആശുപത്രിയുടെ ചെലവിൽ ആംബുലൻസടക്കം ജീവനക്കാരെ അയക്കാമെന്നും അറിയിച്ചു. ബന്ധുക്കളും സമ്മതം മൂളിയതോടെയാണ് മൃതദേഹം തിരികെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്.ഒരു മാസത്തോളമായി ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണന്ന് കരുതിയെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.