ഒരു മാസം സെവൻ സ്റ്റാർ ഹോട്ടലിൽ താമസം, സൂപ്പർ കാറും വാങ്ങും; ഇതാണ് ലോട്ടറിയടിച്ച കോടീശ്വരന്റെ തീരുമാനങ്ങൾ

Tuesday 28 October 2025 10:29 AM IST

അബുദാബി: യുഎഇ ലോട്ടറിയിൽ നിരവധി ഇന്ത്യക്കാ‌ർ വിജയികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎഇ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 240 കോടി രൂപ (10 കോടി ദിർഹം) സ്വന്തമാക്കിയതും ഇന്ത്യക്കാരനാണ്. അബുദാബിയിൽ ജോലി ചെയ്യുന്ന അനിൽകുമാർ ബൊള്ള (29) ആണ് ഈ ഭാഗ്യവാൻ. ഇപ്പോഴിതാ തനിക്ക് ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ കോടിപതി.

സമ്മാനവിവരം അധികൃതർ അറിയിച്ചതുമുതൽ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോയതെന്ന് അനിൽകുമാർ പറഞ്ഞു. ഈ തുക എങ്ങനെ ചെലവഴിക്കണമെന്നാണ് അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നത്. ആദ്യം ഒരു സൂപ്പർ കാർ വാങ്ങണം. കൂടാതെ, ഈ വിജയം മനസിലുറപ്പിക്കാൻ സെവൻ സ്റ്റാർ ഹോട്ടലിൽ ഒരു മാസത്തെ താമസവും അദ്ദേഹം പ്ലാൻ ചെയ്‌തിട്ടുണ്ട്. ഇത്രയും വലിയ തുക തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്നും അനിൽകുമാർ പറഞ്ഞു.

'എങ്ങനെ വിവേകത്തോടെ പണം നിക്ഷേപിക്കാമെന്നും സമയമെടുത്ത് ആസൂത്രണം ചെയ്യും. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തത്. ഇത് വലിയ വിജയത്തിന്റെ താക്കോലായി മാറുമെന്ന് കരുതിയിരുന്നില്ല. പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടെയും ഉത്സവമായ ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് ഈ വിജയം തേടിയെത്തിയത്. ഇത് അസാധാരണമായ ഒരനുഗ്രഹമായി തോന്നുന്നു. സ്വപ്‌നങ്ങൾ ഒരുനാൾ സത്യമാകുമെന്ന് മറ്റുള്ളവരെ ഓർമിപ്പിക്കാൻ എന്റെ കഥ സഹായിക്കും'- അനിൽകുമാർ പറഞ്ഞു.