ജീവൻ പണയപ്പെടുത്തി പിടികൂടിയത് 12 അടി നീളമുള്ള രാജവെമ്പാലയെ; ഞെട്ടിക്കുന്ന വീഡിയോ

Tuesday 28 October 2025 1:15 PM IST

ഹരിദ്വാർ: 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ രക്ഷാപ്രവർത്തനം. ഹരിദ്വാറിലെ കൻഖൽ ബൈരാഗി ക്യാമ്പിനടുത്തുള്ള ലക്കർ ബസ്തിയിൽ ഞായറാഴ്ചയാണ് സംഭവം. പ്രദേശത്ത് ഭീമാകാരനായ രാജവെമ്പാലയെ കണ്ടതിനെ തുടർന്ന് നാട്ടുകാരെല്ലാം പരിഭ്രാന്തരാകുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ക്വിക്ക് റെസ്പോൺസ് ടീം (ക്യുആർടി)​ ഉടൻ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. മരത്തടികൾ ശേഖരിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തുവന്ന കൂറ്റൻ പാമ്പിനെ കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്.

പാമ്പുപിടുത്ത വിദഗ്ദ്ധൻ ശ്രദ്ധയോടെ രാജവെമ്പാലയെ ചാക്കിലാക്കാൻ ശ്രമിക്കുന്നത് വീഡിയോകളിൽ കാണാം. എന്നാൽ പാമ്പ് വീണ്ടും വീണ്ടും സംഘത്തിന് നേരെ ചീറ്റുകയും പത്തിവിടർത്തി പേടിപ്പെടുത്തുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ, വിദഗ്ധസംഘം പാമ്പിനെ വിജയകരമായി പിടികൂടി. തുടർന്ന് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ദൂരെയുള്ള അതിന്റെ ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു.

ഇതാദ്യമായല്ല ഇത്രയും വലിയ രാജവെമ്പാലയെ ഉത്തരാഖണ്ഡിൽ കാണുന്നത്. ഇതിന് മുൻപ് ഓഗസ്റ്റ് മാസത്തിൽ ഡെറാഡൂണിലെ ഒരു വീടിന്റെ മതിലിനോട് ചേർന്ന് ചുരുണ്ടുകിടക്കുന്ന കൂറ്റൻ രാജവെമ്പാലയെ സാഹസികമയി പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.