വെള്ളപ്പൊക്കത്തിൽ ട്രാവലർ തകർന്ന് തരിപ്പണമായി; പുതിയത് വാങ്ങി നൽകി ഉറ്റ ചങ്ങാതിമാർ
ഇടുക്കി: അപ്രതീക്ഷിത പ്രളയത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട യുവാവിന് തുണയായി മൂന്ന് ഉറ്റ ചങ്ങാതിമാർ. ഇക്കഴിഞ്ഞ 18ന് കൂട്ടാർ പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൂട്ടാർ സ്വദേശിയായ റെജിമോന്റെ വിനായക എന്ന ട്രാവലർ ഒഴുകിപ്പോയി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇപ്പോൾ അതേ കൂട്ടാർ തീരത്ത് തന്റെ ആത്മസുഹൃത്തുക്കൾ നൽകിയ സ്‌നേഹ സമ്മാനത്തിന്റെ നിറവിലാണ് റെജിമോൻ. പ്രളയം കവർന്നെടുത്ത കൂട്ടാർ പാലത്തിന് അരികെ വച്ചുതന്നെയാണ് പുതിയ ട്രാവലറിന്റെ താക്കോൽ കൂട്ടുകാർ റെജിമോന് കൈമാറിയത്.
റെജിമോന്റെ സുഹൃത്തുക്കളും ബംഗളൂരുവിൽ ഐടി എഞ്ചിനീയർമാരുമായ കണ്ണൂർ സ്വദേശികളാണ് പുതിയ വാഹനം സമ്മാനിച്ചത്. അഞ്ജിത, സുബിൻ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തയാൾ എന്നിവരായിരുന്നു ട്രാവലറിനായി പണം മുടക്കിയ കൂട്ടുകാർ. ഇവർക്ക് നാട്ടിലെത്താൻ സാധിക്കാത്തതുമൂലം മറ്റുരണ്ടുപേരെ താക്കോൽ കൈമാറാൻ ഏൽപ്പിക്കുകയായിരുന്നു. ഇടുക്കി എട്ടാം മൈലിൽ നിന്നാണ് ട്രാവലർ വാങ്ങിയത്. 14.5 ലക്ഷമാണ് വില.
എട്ട് വർഷമായുള്ള സൗഹൃദമാണ് സുഹൃത്തുക്കൾ തമ്മിലുള്ളതെന്ന് റെജിമോൻ പറഞ്ഞു. അവരോടുള്ള കടപ്പാട് തീർത്താൽ തീരില്ലെന്നും റെജിമോൻ കൂട്ടിച്ചേർത്തു. ട്രാവലറിന്റെ ഡ്രൈവർമാരായ സന്തോഷ്, രാജ കൃഷ്ണമേനോൻ എന്നിവരും പുതിയ ട്രാവലർ ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചു.