'പിന്നെ എന്തിന് യോഗം ചേരുന്നു'; സിപിഐ മന്ത്രിമാർ വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

Tuesday 28 October 2025 2:03 PM IST

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ വിളിച്ച യോഗം വേഗത്തിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുമിനിട്ടിൽ അവസാനിപ്പിച്ചത്.

സിപിഐ ഭരിക്കുന്ന ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പാണ് യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ് എന്നിവർക്ക് പുറമെ ധനമന്ത്രി കെ എൻ ബാലഗോപാലും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തിയിരുന്നു.

യോഗം ആരംഭിച്ചയുടൻതന്നെ മില്ലുടമകൾ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരെ വിളിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്ന് ചേരുന്നതെന്നും ഭക്ഷ്യമന്ത്രി മറുപടി നൽകി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകൾ ഇല്ലാതെ എന്തിനാണീ ചർച്ചയെന്ന് ചോദിച്ചു. യോഗത്തിന്റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി മന്ത്രിമാർ അറിയിച്ചെങ്കിലും മുഖ്യമന്ത്രി ചെവികൊണ്ടില്ല. തുടർന്ന് നിമിഷനേരംകൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. മില്ലുടമകളെക്കൂടി ഉൾപ്പെടുത്തി നാളെ വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. അതേസമയം, യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് തർക്കമുണ്ടായിരുന്നുവെങ്കിൽ തങ്ങൾ യോഗത്തിന് എത്തുമായിരുന്നില്ലല്ലോയെന്ന മറുപടിയാണ് സിപിഐ മന്ത്രിമാർ മാദ്ധ്യമങ്ങൾക്ക് നൽകിയത്.