എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ഈ ജില്ലക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Tuesday 28 October 2025 2:16 PM IST

തിരുവനന്തപുരം: വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

'മോൻതാ' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി മദ്ധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്ര ന്യുനമർദ്ദവും സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.