ഇന്ത്യയിലെ ചാണകയേറ് ഉത്സവം; വീഡിയോ പങ്കുവച്ച് യുഎസ് പൗരൻ, പിന്നാലെ വിമർശനം

Tuesday 28 October 2025 3:22 PM IST

കർണാടകയിൽ നടക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ഗോരെഹബ്ബ. ദീപാവലിയുടെ അസാനം ഗ്രാമവാസികൾ പരസ്‌പരം ചാണകം എറിഞ്ഞ് ആഘോഷിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഉത്സവത്തിൽ പങ്കെടുത്ത ഒരു യുഎസ് യൂട്യൂബറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കർണാടകയിലെ ഗുമതപുര ഗ്രാമത്തിലാണ് ഉത്സവം നടന്നത്.

പശുവിന്റെ ചാണകത്തിൽ നിന്ന് ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ഗ്രാമദേവതയായ ബീരേശ്വര സ്വാമിയെ ആദരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങാണ് ഗോരെഹബ്ബ. വലിയ വിശ്വാസത്തോടെയാണ് ആളുകൾ ചടങ്ങിനെ കാണുന്നത്. ടെെലർ ഒലിവേര എന്ന യൂട്യൂബറാണ് വീഡിയോ പങ്കുവച്ചത്. ഈ ഉത്സവത്തെ വളരെ മോശമായാണ് അദ്ദേഹം വീഡിയോയിൽ വിവരിക്കുന്നത്. ഇത് വിശ്വാസികളെ അസ്വസ്ഥരാക്കി.

ടെെലർ ഒലിവേരയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഒക്‌ടോബർ 23നാണ് ടെെലർ ഒലിവേര വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ശരീരം മുഴുവൻ പ്ലാസ്റ്റിക് കോട്ട് ധരിച്ച് ഉത്സവത്തിൽ പങ്കെടുക്കുന്ന ടെെലർ ഒലിവേരെ കാണാം. തങ്ങളുടെ ഒരു മതപാരമ്പര്യത്തെ ബഹുമാനപൂർവം കാണിക്കുന്നതിന് പകരം പരിഹസിച്ചുവെന്നും ചിലർ വീഡിയോയിൽ കമന്റ് ചെയ്യുന്നു. താൽപര്യമില്ലെങ്കിൽ എന്തിനാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ആരും നിർബന്ധിച്ചില്ലല്ലോയെന്നും ചിലർ ചോദിക്കുന്നുണ്ട്. ഒലിവേര രാജ്യത്തിന്റെ പേര് നശിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.