ശബരിമല സ്വർണകവർച്ച; മുരാരി ബാബുവിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി, പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും
പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചാ കേസിൽ രണ്ടാം പ്രതിയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമായ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റാന്നി കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രത്യേക അന്വേഷണ സംഘം മുരാരി ബാബുവിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) തീരുമാനം. മുരാരി ബാബുവും മറ്റ് പ്രതികളുമായുള്ള ഗൂഢാലോചന, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നാണ് കസ്റ്റഡി അപേക്ഷയിൽ എസ്ഐടി കോടതിയെ അറിയിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30-ന് അവസാനിക്കാനിരിക്കെ ഇരുവരെയും ഒരുമിച്ച് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകാനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല കേസ് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.