ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്നത് കേരളത്തില്‍; മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കാന്‍ വിഴിഞ്ഞം

Tuesday 28 October 2025 6:41 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്താണ് പദ്ധതി നടപ്പിലാകുക. ബിപിസിഎല്‍, ആദാനി പോര്‍ട്ട് ലിമിറ്റഡ് എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. രാജ്യത്തിന്റെ മാരിടൈം മേഖലയിലെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതെന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

മന്ത്രി പി രാജീവിന്റെ പ്രസ്താവന

ഇന്ത്യയിലെ ആദ്യ ഷിപ്പ്-ടു-ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതി ആരംഭിക്കുന്നതിന് അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡുമായി ബിപിസിഎല്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യയുടെ മാരിടൈം മേഖലയിലെ വിപ്ലവകരമായ നാഴികക്കല്ലായിട്ടായിരിക്കും ഈ പദ്ധതി അടയാളപ്പെടുത്തുക. ആഗോള കപ്പല്‍ചാലിലെ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശത്തുള്ള വിഴിഞ്ഞം തുറമുഖം ഈ പദ്ധതിയിലൂടെ കൂടുതല്‍ അന്താരാഷ്ട്ര കപ്പലുകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കും. എല്‍എന്‍ജി ഇന്ധന വിതരണത്തിന്റെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. കാര്‍ബണ്‍ ന്യൂട്രല്‍ പോളിസി ഫലപ്രദമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ വികസന നയങ്ങള്‍ക്ക് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ പുതിയ പദ്ധതിയും.