മുട്ടയിടുന്ന സമയത്ത് രാജവെമ്പാലയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്; മുന്നില്‍പ്പെട്ടാല്‍ പിന്നെ നടക്കുന്നത്

Tuesday 28 October 2025 8:21 PM IST

പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും അപകടകാരിയാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, അത് സാക്ഷാല്‍ രാജവെമ്പാലയുടെ പേര് തന്നെയാണ്. മറ്റേതൊരു പാമ്പിനേക്കാള്‍ കൂടുതല്‍ അപകടകരമായ വിഷം ആണ് രാജവെമ്പാലയുടേത്. സാധാരണ ഗതിയില്‍ മറ്റ് വിഷ പാമ്പുകളെപ്പോലെ മനുഷ്യരെ ആക്രമിക്കാന്‍ രാജവെമ്പാലകള്‍ മുതിരാറില്ലെങ്കിലും ഇവയുടെ കടിയേറ്റാല്‍ മരണം ഏറെക്കുറെ ഉറപ്പാണ്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പും രാജവെമ്പാലയാണ്.

ഇവയുടെ കടിയേറ്റാല്‍ ആനയ്ക്ക് പോലും രക്ഷയില്ല എന്നത് മാത്രം മതി എത്ര മാരകമാണ് ഇവയുടെ വിഷമെന്ന് മനസ്സിലാക്കാന്‍. മറ്റ് പാമ്പുകള്‍ കടിച്ചാല്‍ പരമാവധി 45 മിനിറ്റ് വരെയൊക്കെ പിടിച്ച് നില്‍ക്കാന്‍ കഴിയുമെങ്കിലും രാജവെമ്പാലയുടെ കടിയേറ്റാല്‍ 10 മിനിറ്റിനുള്ളില്‍ മരണം ഉറപ്പാണ്. മുട്ടയിടുന്ന കാര്യത്തിലും മറ്റ് പാമ്പുകളില്‍ നിന്ന് വ്യത്യസ്തരാണ് രാജവെമ്പാലകള്‍. കൂട് കൂട്ടിയ ശേഷം മുട്ടയിടുന്ന ഒരേയൊരു പാമ്പ് രാജവെമ്പാലയാണ്.

അതുപോലെ തന്നെ ടെറിട്ടറി മാര്‍ക്ക് ചെയ്യുന്നവയാണ് ഇവ. മുട്ടയിടുന്ന സമയത്ത് രാജവെമ്പാലകള്‍ കൂടുതല്‍ അപകടകാരികളാണ്. സാധാരണഗതിയില്‍ ഇവ അധികം അക്രമവാസന പ്രകടിപ്പിക്കാറില്ലെങ്കിലും മുട്ടയിടുന്ന സമയത്ത് അങ്ങനെയല്ല. മുട്ടയിടുന്ന സമയത്ത് വാലുകൊണ്ട് ടെറിട്ടറി മാര്‍ക്ക് ചെയ്യുന്ന ഒരു ശീലം ഇവയ്ക്കുണ്ട്. ഇതിനുള്ളില്‍ ഒരാള്‍ കാലെടുത്ത് വച്ചാല്‍ അവിടെ അപകട സാദ്ധ്യത വളരെ കൂടുതലാണ്.

മുട്ടയിടുന്ന സമയത്ത് ടെറിട്ടറിക്കുള്ളില്‍ പ്രവേശിക്കുന്നവര്‍ മുട്ട എടുക്കുമെന്ന ചിന്തയാണ് ഇവരെ കൂടുതല്‍ അപകടകാരികളാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഇവ പിന്നാലെ വരാനും ആക്രമിക്കാനും സാദ്ധ്യത വളരെ കൂടുതലാണ്.