അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് 'നോ പാർക്കിംഗ്' ബോർഡുകൾ സ്ഥാപിക്കണം, പൊലീസിന് കർശന നിർദ്ദേശം

Tuesday 28 October 2025 9:55 PM IST

തിരുവനന്തപുരം: സ്‌കൂട്ടർ സർവീസ് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെത്തുന്ന വാഹനങ്ങൾ പി എം ജി പ്ലാമൂട് റോഡിലുള്ള എം.എൻ. ലെയിനിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന സാഹചര്യത്തിൽ സ്ഥലത്ത് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വാഹനങ്ങൾ എം എൻ ലൈനിൽ പാർക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. എം.എൻ. ലൈനിൽ ഗതാഗത തടസം സൃഷ്ടിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും അമിതവേഗതയിൽ സഞ്ചരിക്കുന്നവർക്കുക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി സെക്ടർ പെട്രോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു. എം.എൻ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി രേണു ഫ്രാങ്ക്‌ളിൻ സമർപ്പിച്ച പരാതിയിലാണ് നടപടി.