രണ്ട് വർഷം,​ നാടുവിട്ടെത്തിയത് 1025 കുട്ടികൾ രക്ഷപ്പെടുത്തി റെയിൽവേ ചൈൽഡ് ലൈനുകൾ

Wednesday 29 October 2025 1:27 AM IST

കൊച്ചി: രക്ഷിതാക്കളോട് പിണങ്ങിയും ജോലിതേടിയും മറ്റ് കാരണങ്ങൾക്കൊണ്ടും 2023 മുതൽ 2025 ജൂൺ വരെ ട്രെയിനിൽ നാടുവിട്ട് എത്തിയ മലയാളികളും അന്യ സംസ്ഥാനക്കാരുമായ കുട്ടികളുടെ എണ്ണം ആയിരത്തിലേറെ. കേരളത്തിലെ നാല് ജില്ലകളിലുള്ള റെയിൽവേ ചൈൽഡ് ലൈനുകളാണ് ഇത്തരത്തിലെത്തിയ 1025 കുട്ടികളെ രക്ഷപ്പെടുത്തിയത്. ബാലവേലയ്ക്കായി കൂട്ടിക്കൊണ്ടുവന്നവരും ഇക്കൂട്ടത്തിലുണ്ട്. ഏറെയും ആറിനും 18നും ഇടയിൽ പ്രായമുള്ളവർ.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലാണ് ചൈൽഡ് ലൈനുകൾ. തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ കുട്ടികൾ ട്രെയിനിൽ നാടുവിട്ടെത്തിയത്- 368. ഏറ്റവും കുറവുള്ള എറണാകുളത്ത് പോലും 175ലേറെ പേരെത്തി.

റെയിൽവേ ചൈൽഡ് ലൈനുകളെ അടുത്തകാലത്ത് ജില്ലാ ചൈൽഡ് ലൈനിനോട് ചേർത്തിരുന്നു. പരിശോധനക്കുറവും ടിക്കറ്റില്ലാതെ യാത്ര ചെയ്യാനാകും എന്ന ധാരണയും മൂലമാണ് കുട്ടികളേറെയും ട്രെയിനിൽ നാടുവിടുന്നതെന്ന് റെയിൽവേ ചെൽഡ് ലൈൻ അധികൃതർ വ്യക്തമാക്കുന്നു.

സംശയാസ്പദമായി കാണുന്നവരെ കുറിച്ച് ആർ.പി.എഫോ പൊലീസോ നൽകുന്ന വിവരങ്ങൾ അനുസരിച്ചും ട്രെയിനുകളിലെ പരിശോധനയിലൂടെയുമാണ് കുട്ടികളെ കണ്ടെത്തുന്നത്. നാല് റെയിൽവേ സ്റ്റേഷനുകളിലും ചൈൽഡ് ലൈൻ കിയോസ്‌ക്കുകളുണ്ട്. കോ ഓർഡിനേറ്റർ, കൗൺസലർ, ഏഴ് അംഗങ്ങൾ. മൂന്ന് വോളണ്ടിയർ എന്നിവരാണ് ഒരു യൂണിറ്റിൽ.

രക്ഷപ്പെടുത്തുന്ന കുട്ടികളെ കൗൺസലിംഗ് നൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിക്കും. പിന്നീടുള്ള കാര്യങ്ങൾ സി.ഡബ്ല്യു.സി തീരുമാനിക്കും. രക്ഷിതാക്കൾക്കൊപ്പം അയയ്ക്കാൻ സാധിക്കുന്നവരെ കൈമാറും. അല്ലാത്തവരെ അഭയകേന്ദ്രങ്ങളിലാക്കും. റെയിൽവേ ചൈൽഡ് ലൈനുകൾ ഇല്ലാത്ത ജില്ലകളിൽ കുട്ടികളെ ജില്ലാ ചൈൽഡ് ലൈനിലോ സി.ഡബ്ല്യു.സികൾക്കോ കൈമാറും.

രക്ഷപ്പെടുത്തിയ കുട്ടികൾ

(ജില്ല, 2023 മുതൽ 2025 വരെ)

തിരുവനന്തപുരം................. 368

എറണാകുളം........................ 175

തൃശൂർ................................... 215

കോഴിക്കോട്......................... 267

ആകെ...................................... 1,025

വിവരങ്ങൾ അറിയിക്കാൻ 112

2018ലാണ് രാജ്യത്ത് റെയിൽവേ ചൈൽഡ് ലൈനുകൾ നിലവിൽ വന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാം.

നാടുവിടുന്നതിന് കാരണങ്ങൾ

കുടുംബ പ്രശ്‌നം

രക്ഷിതാക്കളോട് വഴക്ക്

ലൈംഗിക പീഡനം

തട്ടിക്കൊണ്ടുപോകൽ

ബാലവേല

പരീക്ഷാ തോൽവി

മാനസിക പിരിമുറുക്കം