വയലിൽ കെട്ടിയിരുന്ന പശു വിളറിപിടിച്ച് ഓടി, ഉടമ ചെന്നപ്പോൾ കണ്ടില്ല, പിടികൂടിയത് ഈ ജീവി, ഞെട്ടി നാട്ടുകാർ

Tuesday 28 October 2025 10:29 PM IST

സുൽത്താൻ ബത്തേരി: മേയാൻവിട്ട പശുവിനെയും കിടാവിനെയും കടുവ ആക്രമിച്ചുകൊന്നു. നൂൽപ്പുഴ ഏഴേക്കർകുന്നിൽ കൊട്ടനോട് നാരായണിയുടെ ഗർഭിണിയായ പശുവിനെയും മകൻ പത്മാക്ഷന്റെ കിടാവിനെയുമാണ് കടുവ കൊന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.

വനാതിർത്തിയോട് ചേർന്ന വയലിൽ പശുവിനെ മേയാൻവിട്ടപ്പോൾ പശു വിറളി പിടിച്ച് ഓടി. ഇത് കണ്ട നാരായണി വീടിന് സമീപത്ത് താമസിക്കുന്ന മകൻ പത്മാക്ഷനെയും കൂട്ടി വയലിൽ ചെന്നപ്പോൾ പശുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ പശുവിനെ കാട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയതിന്റെ അടയാളം കാണപ്പെട്ടു. പിന്നീട് വനത്തിനോട് ചേർന്ന് പശുവിന്റെ ജഡം കണ്ടെത്തി അൽപ്പം മാറി കിടാവിന്റെ ജഡവും കാണപ്പെട്ടു. കടുവയാണ് പശുവും കിടാവിനെയും ആക്രമിച്ച് കൊന്നതെന്ന് പിന്നീട് സ്ഥിരീകരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.സി ഉഷാദാസിന്റെ നേതൃത്വത്തിൽ വനപാലകരെത്തി പോസ്റ്റ്‌മോർട്ടമടക്കമുള്ള തുടർനടപടികൾ കൈകൊണ്ട്.