വള്ളിക്കോട് മുണ്ടകൻ കൃഷിക്കാലം

Wednesday 29 October 2025 12:38 AM IST

വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകൾ സൃഷിടിക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച് വള്ളിക്കോട് നരിക്കുഴി ഏലായിൽ പ്രതീക്ഷയുടെ വിത്തെറിഞ്ഞ് കർഷകർ. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയെ അവഗണിച്ചാണ് കർഷകർ ഇത്തവണയും വിത്തെറിഞ്ഞത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ആദ്യവിത്തെറിഞ്ഞ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സോജി പി.ജോൺ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്.ഗീതാകുമാരി , ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാജൻ, വാർഡ് മെമ്പർമാരായ ജി.ലക്ഷ്മി,അഡ്വ.തോമസ് ജോസ് അയ്യനേത്ത് , കൃഷി ഓഫീസർ അനില പി.ശശി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ജെ.രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു

ജില്ലയുടെ പ്രധാന നെല്ലറകളിൽ ഒന്നാണ് വള്ളിക്കോട് പാടശേഖരങ്ങൾ. കഴിഞ്ഞ വർഷവും കനത്ത മഴയെ തുടർന്ന് മുണ്ടകൻ കൃഷി വൈകിയിരുന്നു. ഇത്തവണ ചിങ്ങകൃഷി ഇറക്കാനും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇത്തവണ മഴ മാറി നിന്ന സമയം നോക്കി യന്ത്രസഹായത്തോടെ പാടശേഖരങ്ങളെല്ലാം ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കിയിരുന്നു.

അപ്പർ കുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്നത് വള്ളിക്കോട് പാടശേഖരങ്ങളിലാണ്. സപ്ളൈക്കോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രം കൂടിയാണിവിടം.

പ്രധാന പാടശേഖരങ്ങൾ

വേട്ടക്കുളം, കാരുവേലി, നടുവത്തൊടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ , തട്ട, അട്ടത്തോഴ.

കഴിഞ്ഞ മുണ്ടകൻ കൃഷിക്ക് ലഭിച്ചത് : 480 ടൺ നെല്ല്

സപ്‌ളൈക്കോ സംഭരിച്ചത് : 400 ടൺ നെല്ല്.