മൂന്നുമാസമായി മൃതദേഹം ഷാർജയിലെ മോർച്ചറിയിൽ, മരണം അജ്ഞാതനാക്കിയ ജിനുരാജിന് ഇന്ന് നാട്ടിൽ ചിതയൊരുങ്ങും

Wednesday 29 October 2025 12:42 AM IST

പത്തനംതിട്ട: മൂന്നുമാസമായി അവകാശികളില്ലാതെ ഷാർജ പൊതുശ്മശാനത്തിൽ സംസ്‌കരിക്കാനിരുന്ന പത്തനംതിട്ട കുമ്പഴ മിനി ഭവനിൽ ദിവാകരന്റെ മകൻ ജിനുരാജിന്റെ (42) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

എസ്.എൻ.ഡി.പി യോഗത്തിന്റെയും യു.എ.ഇ മലയാളികളുടെയും ഇടപെടലിലാണ് ജിനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇന്ന് പുലർച്ചെ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങും. ഷാർജ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. നാട്ടിലുള്ള സഹോദരി ജിജമോൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ ജിനുരാജിനെ അന്വേഷിക്കുന്നതിനിടയിലാണ് എസ്.എൻ.ഡി.പി യു.എ.ഇ പ്രവർത്തകർക്ക് മൃതദേഹം മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെയും മാർഗനിർദേശപ്രകാരം ഈ മാസം 23ന് യോഗം യു.എ.ഇ കോഓർഡിനേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി, യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ പ്രസാദ്, നിഹാസ് ഹാഷിം കല്ലറ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയത്.

2007മുതൽ യു.എ.ഇയിലുള്ള ജിനുരാജ് 2019ലാണ് അവസാനമായി നാട്ടിലെത്തിയത്. ഡ്രൈവർ, സെയിൽസ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. റഷ്യയിലേക്കുള്ള യാത്രയ്ക്കും യു.എ.ഇയിൽ മറ്റൊരു ജോലിക്കുമായി മലയാളി സുഹൃത്തുക്കൾക്ക് അഞ്ച് ലക്ഷത്തോളം രൂപ ജിനു നൽകിയിരുന്നതായി സഹോദരി ജിജമോൾ പറഞ്ഞു. ഈ ജോലികൾ ശരിയാകാതെ വന്നതിലും പണം തിരികെ ലഭിക്കാത്തതിലുമുള്ള മനോവിഷമത്തിലായിരുന്നു ജിനു.

കഴിഞ്ഞ ജൂലായ് 14നാണ് ജിനുരാജ് അവസാനമായി സഹോദരിയുമായി ഫോണിൽ സംസാരിച്ചത്. അതിനുശേഷം വിവരമൊന്നും ലഭിക്കാത്തതിനാൽ നടത്തിയ അന്വേഷണത്തിൽ ട്രാഫിക് നിയമലംഘനത്തിന് ജയിലിലാണെന്ന തെറ്റായ വിവരമാണ് ലഭിച്ചത്.

റോഡിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് പൊലീസ് ആംബുലൻസിൽ ഷാർജ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിനുരാജ് ജൂലായിൽ മരണപ്പെടുകയായിരുന്നു. മൂന്നുമാസത്തിനുള്ളിൽ അവകാശികൾ എത്തിയില്ലെങ്കിൽ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്‌കരിക്കുകയാണ് പതിവെന്ന് ശ്രീധരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച അവിടെ സംസ്‌കരിക്കുന്നതിന് കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നത്

എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത്