കേരളത്തിലെ ഈ സ്ഥലം കാണാന്‍ ഒഴുകിയെത്തിയത് 27700 പേര്‍; അടുത്ത മാസം മുതല്‍ നിയന്ത്രണം
ഇടുക്കി: കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടേയും കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരുടേയും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇടുക്കി. പ്രകൃതി ഭംഗിയും നല്ല കാലാവസ്ഥയുമാണ് ഇടുക്കിയെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ലക്ഷണമൊത്ത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇടുക്കിയുടെ മാത്രം പ്രത്യേകതയാണ്. ഇടുക്കി ജില്ലയുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ആര്‍ച്ച് ഡാം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവിടേക്ക് എത്തിയത് 27700 സഞ്ചാരികളാണ്.
സെപ്തംബര്‍ മാസം ഒന്നാം തീയതി മുതലാണ് പൊതുജനങ്ങള്‍ക്കായി ആര്‍ച്ച് ഡാം സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്. ഒക്ടോബര്‍ 24ാം തീയതി വരെയുള്ള കണക്ക് അനുസരിച്ച് 25060 മുതിര്‍ന്നവരും 2640 കുട്ടികളും ആര്‍ച്ച് ഡാം സന്ദര്‍ശിച്ചു. കുറുവന്‍ -കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അപൂര്‍വമായ ദൃശ്യാനുഭവമാണ്.
പ്രധാനമായും അവധിക്കാലത്താണ് ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തിയത്. ഓണം, വിജയദശമി, ദീപാവലി അവധി പ്രമാണിച്ച് വലിയ ജനത്തിരിക്കാണ് അണക്കെട്ട് കാണാന്‍ അനുഭവപ്പെട്ടത്. നിലവില്‍ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേയ്ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഡാമില്‍ പരിശോധനകള്‍ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ കാല്‍നട യാത്ര അനുവദിക്കില്ല. ഹൈഡല്‍ ടൂറിസം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഡാം സന്ദര്‍ശനത്തിന് ടിക്കറ്റ് എടുക്കാവുന്നതാണ്.