കല്ലടത്തൂർ പാടശേഖരത്തിൽ ഈവർഷം കൃഷി ഇറക്കില്ല

Wednesday 29 October 2025 1:09 AM IST

പട്ടാമ്പി: തൃത്താല കപ്പൂർ പഞ്ചായത്തിലെ കല്ലടത്തൂർ പാടശേഖരത്തിൽ ഈ വർഷം നെൽകൃഷി ചെയ്യുന്നില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ. 70 ഏക്കറോളം സ്ഥലത്താണ് നെൽകൃഷി ചെയ്തിരുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് മൂന്ന് പുവ്വൽ നെൽകൃഷി ചെയ്തിരുന്ന പാട ശേഖരമാണ് ഇപ്പോഴത്തെ അവസ്ഥയിൽ ആകെ ചെയ്തിരുന്ന ഏക ഒറ്റപ്പുവൽ (കരിങ്കുറ) കൃഷി പോലും എടുക്കാതെ തരിശിട്ടിരിക്കുന്നത്. പഞ്ചായത്ത്, കൃഷി, ജലസേചന വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണമാണ് പാടശേഖരം അനാഥമായത്. ജലലഭ്യത കുറഞ്ഞു വരുന്ന തുലാവർഷ കാലത്ത് ജലസേചന സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്. കല്ലടത്തൂർ പാടശേഖരത്തിൽ കൂടി കടന്ന് പോകുന്ന റോഡ്

പല സ്ഥലത്തും തകർന്നത് കൊണ്ട് മഴക്കാലത്ത് കല്ലും ചരലും കൃഷി യോഗ്യമല്ലാത്ത മണ്ണും വയലിലേക്ക് അടിയുന്നു. മാത്രമല്ല, മറ്റു ഭാഗങ്ങളിൽ നിന്നുളള അഴുക്ക് വെളളച്ചാലുകളിൽ കൂടി ഒഴുകിയെത്തുന്ന കല്ല്, മണ്ണ് എന്നിവയും കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നു. കപ്പൂർ പഞ്ചായത്തിലും കൃഷി ഭവനിലും വർഷങ്ങളായി പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കർഷകർ പറഞ്ഞു. പഞ്ചായത്ത് അസി.എൻജിനീയർ സർവ്വെ ചെയ്ത് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്കായി അയച്ചക്കുകയും തൃത്താല എം.എൽ.എയും മൈനർ ഇറിഗേഷൻ വിഭാഗവും സ്ഥലം സന്ദർശിക്കുകയും ചെയ്‌തെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. കാട്ടുപന്നികളുടെയും മയിലുകളുടെയും ശല്യവും കൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാകുന്നായി കപ്പൂർ പാടശേഖരം സമിതി പ്രസിഡന്റ് കെ.മൊയ്തീൻ ലിയാക്കത്ത് ചൂണ്ടിക്കാട്ടി.