അടിമുടി ദൂരൂഹതയിൽ ഇവാഞ്ചലാശ്രമം

Wednesday 29 October 2025 2:22 AM IST

പറവൂർ: ജനനേന്ദ്രിയം മുറിച്ചും കണ്ണ് കുത്തിപ്പൊട്ടിച്ചും യുവാവി​നെ കൊടുങ്ങല്ലൂരി​ൽ വഴിയിൽ തള്ളിയ സംഭവത്തിൽ ഉൾപ്പെട്ട എറണാകുളം കൂനമ്മാവ് ചെമ്മായം റോഡിലുള്ള ഇവാഞ്ചലാശ്രമം ചാരിറ്റബിൾ സൊസൈറ്റി പണ്ടേ വിവാദകേന്ദ്രം. ധ്യാനകേന്ദ്രമായിരുന്ന ഇവിടെ ഇപ്പോൾ കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ, മാനസിക വിഭ്രാന്തിയുള്ളവർ തുടങ്ങി നൂറിലധികം അന്തേവാസികളുണ്ട്.

നാല് വശവും ഉയരത്തിൽ അടച്ചുകെട്ടിയ കോമ്പൗണ്ടിൽ അധികമാർക്കും പ്രവേശനമില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പല കെട്ടിടങ്ങളും നിർമ്മിച്ചിട്ടുള്ളത്. അന്വേഷണത്തിന് ഉദ്യോഗസ്ഥർ എത്തുമ്പോൾ അന്തേവാസികളെ മുന്നിൽ നിറുത്തി നേരിടുകയാണ് പതിവ്.

അന്തേവാസികൾ തമ്മിൽ ഇവിടെ സംഘർഷം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളുമായി സ്ഥാപനം അധികം അടുപ്പം പുലർത്താറില്ല.

വർഷങ്ങളായി പ്രവർത്തിക്കുന്ന കേന്ദ്രത്തിന് ഒരു സർക്കാർ ഏജൻസിയുടെയും അനുമതിയും ലൈസൻസും ഇല്ലെന്നാണ് വിവരം. ജില്ലയിലെ പല പൊലീസ്, റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മറ്റും അനാഥരെയും രോഗികളെയും ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കാറുണ്ട്. ധ്യാനകേന്ദ്രമായിരുന്നപ്പോഴും അഗതി മന്ദിരത്തിനെതിരെ നിരവധി പരാതികളും കേസുകളും ഉണ്ടായിരുന്നു. ഉന്നതരായുള്ള ബന്ധം ഉപയോഗപ്പെടുത്തി ഇതിൽ നിന്ന് രക്ഷപ്പെടുകയാണ് പതിവെന്ന് നാട്ടുകാർ പറഞ്ഞു.

ചൊവ്വര സ്വദേശിയായ ബ്രദർ അമലാണ് ഇവാഞ്ചലാശ്രമം നടത്തിപ്പുകാരൻ. കുടുംബത്തിന് കുടികിടപ്പ് ലഭിച്ച പത്ത് സെന്റ് ഭൂമിയിൽ 1991ൽ ആദ്യം തുടങ്ങിയത് ധ്യാനകേന്ദ്രമാണ്. ധ്യാനത്തിൽ പങ്കെടുക്കാൻ ധാരാളം പേർ എത്തുമായിരുന്നു. ഈ കാലയളവിൽ ചുറ്റുപാടുമുള്ള ഭൂമികൾ വാങ്ങി വിപുലപ്പെടുത്തി. ഒരോക്കറിലധികം ഭൂമിയും അതിൽ അഞ്ചുനില കെട്ടിടവുമടക്കം നിരവധി മന്ദിരങ്ങളുണ്ട്. ധ്യാനകേന്ദ്രത്തിൽ ആളുകൾ കുറഞ്ഞതോടെ 2005ൽ അഗതിമന്ദിരമാക്കി മാറ്റി. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ അടക്കം വലിയതുക അഗതികളുടെ സംരക്ഷണത്തിനായി ലഭിക്കുന്നുണ്ട്.