6-ാം വർഷവും കതിരണിയാൻ നടയ്ക്കൽ ഏല

Wednesday 29 October 2025 12:29 AM IST
നടയ്ക്കൽ ഏലായിൽ യന്ത്ര സഹായത്തോടെ നെൽച്ചെടികൾ നടന്നു

ചാത്തന്നൂർ: തുടർച്ചയായി ആറാം വർഷവും പൊന്ന് വിളയിക്കാൻ നടയ്ക്കൽ ഏല. നടയ്ക്കൽ ഗാന്ധിജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം 2020ൽ തരിശ് കിടന്ന പത്ത് ഏക്കർ സ്ഥലത്താണ് കൃഷി തുടങ്ങിയത്.

ചെലവ് കൂടുതലും വരവ് കുറവുമായ നെൽക്കൃഷിയിൽ നിന്ന് പലരും പിന്മാറുമ്പോഴാണ് നടയ്ക്കൽ ഏലായിൽ വീണ്ടും കൃഷി തുടങ്ങുന്നത്. കാർഷിക സംസ്കാരം നിലനിറുത്തുന്നതോടൊപ്പം കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക, ഭക്ഷ്യസുരക്ഷ ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് നടയ്ക്കൽ ഏലായിലെ നെൽക്കൃഷി. ആദ്യകാലത്ത് ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും സബ്‌സിഡികൾ ഉണ്ടായിരുന്നെങ്കിലും ജില്ലാ - ബ്ലോക്ക്‌ പഞ്ചായത്തുകൾ നൽകിവന്നിരുന്ന ധനസഹായം നിറുത്തലാക്കി. ഗ്രാമപഞ്ചായത്തിന്റെ ധനസഹായം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ ഒന്നാം വിള നെൽ കൃഷിയുടെ സബ്‌സിഡി ഇതുവരെ ലഭിച്ചിട്ടില്ല.

രണ്ടാംവിള നെൽക്കൃഷി

 ജി.എസ്.ജയലാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പത്തുലക്ഷം രൂപ വിനിയോഗിച്ച് ട്രാക്ടർ റാമ്പ് വാങ്ങുകയും ഏലായിലേയ്ക് കോൺക്രീറ്റ് റോഡും നിർമ്മിച്ചു

 കൃഷി യന്ത്രങ്ങൾ, വളം, വിത്ത് എന്നിവ എത്തിക്കുന്നതിന് സഹായകമായി

 ലൈബ്രറി പ്രവർത്തകരായ മുൻ ഇത്തിക്കര ബി.ഡി.ഒ ശരത്ത്ചന്ദ്രകുറുപ്പ്, ദേശീയപാത സ്ഥലമെടുപ്പ് ഓഫീസ് അഞ്ചൽ യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്‌കുമാർ നടയ്ക്കൽ, എസ്.കെ.എം കാലിത്തീറ്റ കൊല്ലം ഡിപ്പോ മാനേജർ പി.വി.അനിൽകുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്

ആവശ്യങ്ങൾ

 ഹെക്ടറിന് ഒരുലക്ഷം രൂപ പലിശ രഹിത വായ്പ നൽകുക

 നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കുക

 വയ്ക്കോൽ ക്ഷീരോല്പാദക സംഘങ്ങൾ വഴി വിറ്റഴിക്കാൻ സൗകര്യം ഒരുക്കുക

തൊഴിലാളികളുടെ അഭാവവും കൂലി ഉൾപ്പടെയുള്ള ചെലവ് കൂടുതലും കാരണം മെഷീൻ ഉപയോഗിച്ചാണ് നടീൽ.

പ്രവർത്തകർ