തുലാപ്പെയ്ത്തിൽ മുങ്ങി കാർഷി​ക മേഖല

Wednesday 29 October 2025 12:31 AM IST

കൊല്ലം: നിറുത്താതെ പെയ്യുന്ന തുലാവർഷപ്പെയ്ത്തിൽ ജില്ലയിലെ കാർഷിക മേഖലയ്ക്ക് കനത്ത നാശനഷ്ടം. മഴയും കാറ്റും വെള്ളക്കെട്ടും മൂലം കഴിഞ്ഞ 1 മുതൽ ഇന്നലെ വരെ 53.76 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിലെ 274 കർഷകരുടെ 27.23 ഹെ​ക്​​ട​റി​ലാണ് മ​ഴ​ക്കെ​ടു​തി​ നാശം വിതച്ചത്.

ശാസ്താംകോട്ട, കൊട്ടാരക്കര, അ​ഞ്ച​ൽ, വെട്ടിക്കവല, പു​ന​ലൂ​ർ, ചാത്തന്നൂർ, ചടയമംഗലം മേ​​ഖ​​ല​​ക​​ളി​​ലാണ് കൂടുതലായി കൃഷി നശിച്ചത്. ശാസ്താംകോട്ടയിൽ 23.05 ലക്ഷം രൂപയുടെയും അഞ്ചലിൽ 7.90 ലക്ഷം രൂപയുടെയും കൃഷി നശിച്ചു. ശാസ്താംകോട്ടയിൽ 85 കർഷകരെയും പുനലൂർ 39 കർഷകരെയും കൊട്ടാരക്കരയിൽ 27 കർഷകരെയും ബാധിച്ചു.

മ​​ഴയ്​​ക്കൊപ്പം വീശിയടിച്ച കാറ്റാണ് വിളകൾ നശിപ്പിച്ചത്. കൂറ്റൻ മ​​ര​​ങ്ങ​​ള​​ട​​ക്കം ക​​​ഴ​​പു​​ഴ​​കി​​. ബാങ്ക് വായ്‌പയെടുത്തും കടം വാങ്ങിയും കൃഷി ആരംഭിച്ച കർഷകരാണ് കടക്കെണിയിലായത്. വിളനാശം സംഭവിച്ചവർ കൃഷിഭവനിൽ വിവരം അറിയിക്കണം. നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ എ.ഐ.എം.എസ് ആപ്പിലൂടെയോ വിവരം കൈമാറാം.

വിള ഇൻഷ്വർ ചെയ്തിട്ടില്ലാത്തവർ പത്ത് ദിവസത്തിനുള്ളിലും ചെയ്തർ 15 ദിവസത്തിനുള്ളിലും അപേക്ഷ സമർപ്പിക്കണം. പരിശോധന കഴിയും വരെ നാശനഷ്ടം സംഭവിച്ച വിളകൾ അതേപടി നിലനിറുത്തുകയും വേണം.

ഓടിഞ്ഞുവീണ് വാഴകൾ

കനത്ത കാറ്റിൽ വ്യാപകമായി വാഴകൾ ഒടിഞ്ഞുവീണു. കുലച്ചതും കുലയ്ക്കാത്തതുമായി 6480 വാഴകൾ നശിച്ചു. 214 കർഷകരെ ബാധിച്ചു. 35.7 ലക്ഷം രൂപയുടെ ന​ഷ്​​ട​മാ​ണ്​ വാ​ഴ ക​ർ​ഷ​ക​ർ​ക്ക്​ മാ​ത്രം ഉള്ളത്.​ വിളവെത്താത്ത വാഴകളാണ് നശിച്ചവയിലേറെയും. തോട്ടങ്ങളിൽ വെള്ളവും കയറി. വെള്ളം ഒഴുകിമാറിയില്ലേൽ വേരുകൾ ചീഞ്ഞ് കൂടുതൽ വാഴകൾ നശിക്കും. കിഴങ്ങുവിളകളും മരച്ചീനിയും റബറും പച്ചക്കറിയുമെല്ലാം നശിച്ചവയിലുൾപ്പെടും.

ഈ വർഷം ഇതുവരെ

കൃ​ഷി നശിച്ചത്

1844.73 ഹെ​ക്ട​റി​ൽ

ന​ഷ്​​ടം

₹ 26.39 കോടി

ആകെ കർഷകർ

12698