കൊവിഡ്: ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് തുക ലഭ്യമാക്കണം

Wednesday 29 October 2025 1:08 AM IST

ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ചു മരിച്ച ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് തുക ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. മരിച്ചവരെ ഇൻഷ്വറൻസ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരേണ്ടതാണെന്ന് ജസ്റ്രിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മഹാരോഗത്തെ നേരിടുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ഡോക്‌ടർമാരുടെ കാര്യത്തിൽ അലംഭാവം കാണിച്ചാൽ സമൂഹം മാപ്പ് നൽകില്ലെന്നും കേന്ദ്രസർക്കാരിനോട് കോടതി പറഞ്ഞു. നഷ്‌ടപരിഹാര തുക നൽകാൻ ഇൻഷ്വറൻസ് കമ്പനിയെ നിർബന്ധിക്കണം. പ്രധാനമന്ത്രി ഇൻഷ്വറൻസ് സ്‌കീമിനു പുറമെ മറ്റ് ഏതെങ്കിലും പദ്ധതികളുണ്ടോയെന്ന് അറിയിക്കാനും കേന്ദ്രത്തോട് നിർദ്ദേശിച്ചു. വിഷയത്തിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും കോടതി സൂചന നൽകി. ഒരുകൂട്ടം പൊതുതാത്പര്യഹ‌ർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.