ഐഡിയൽ തുടരും
തിരുവനന്തപുരം: തലസ്ഥാനത്തും തല ഉയർത്തി ഐഡിയൽ ഇ.എം.എച്ച്.എസ്.എസ് കടകശേരി. മലപ്പുറത്തിന്റെ പവർ ഹൗസ് തുടർച്ചയായി നാലാം തവണയാണ് ബെസ്റ്റ് സ്കൂൾ കിരീടത്തിൽ മുത്തമിട്ടത്. 78 പോയിന്റാണ് ട്രാക്കിൽ നിന്നും ഫിൽഡിൽ നിന്നും ഐഡിയൽ താരങ്ങൾ വാരിയത്. 8 സ്വർണം, 10 വെള്ളി,8 വെങ്കലം എന്നിങ്ങനെയാണ് നേട്ടം. കഴിഞ്ഞ തവണ എട്ട് സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 80 പോയിന്റായിരുന്നു.
2022ൽ 66 പോയിന്റോടെ സ്‌കൂൾസിൽ ആദ്യ കിരീടം ചൂടി. കുന്നംകുളം കായികമേളയിൽ നില മെച്ചപ്പെടുത്തിയ ഐഡിയൽ രണ്ടു മൂന്നും സ്ഥാനത്തുള്ള സ്‌കൂളുകളേക്കാൾ ഇരട്ടിയോളം പോയിന്റ് നേടിയിരുന്നു. ഇക്കുറി ആദ്യദിനങ്ങളിൽ പോയിന്റ് പട്ടികയിൽ പിന്നിലായിരുന്നു. മൂന്നാം ദിവസം ഒന്നാം സ്ഥാനം പിടിച്ചെടുത്തു. പിന്നീടത് നിലനിറുത്തി. പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് മറ്റുസ്കൂളുകൾക്ക് അപ്പോഴാണ് പിടികിട്ടിയത്.
50 പോരാളികൾ ഐഡിയലിന്റെ 50 കുട്ടികളാണ് മലപ്പുറം ജില്ലാടീമംഗങ്ങളായി തിരുവനന്തപുരത്ത് എത്തിയത്. 24 ആൺകുട്ടികളും 26 പെൺകുട്ടികളും. കായിക വിഭാഗം മേധാവി ഷാഫിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിൽ.
ഒടുവിൽ വടവന്നൂർ രണ്ടാമത് പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസാണ് റണ്ണറപ്പ്. ഐഡിയലിന് ശക്തമായ വെല്ലുവിളി ഉയർത്തിയ വടവന്നൂർ 58 പോയിന്റ് സ്വന്തമാക്കി. എട്ടു സ്വർണം, നാലു വെള്ളി, ആറു വെങ്കലം. രണ്ടാം സ്ഥാനത്തിനായും ഇഞ്ചോടിഞ്ച് മത്സരം നടന്നു. ഒരു പോയിന്റ് വ്യത്യാസത്തിലാണ് കഴിഞ്ഞവർഷം രണ്ടാം സ്ഥാനക്കാരായ പാലക്കാട് തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് മൂന്നാമതായത്. കോഴിക്കോട് സെന്റ് ജോസഫ്സ് പുല്ലൂരാംപാറ(39), പാലക്കാട് എച്ച്.എസ് മുണ്ടൂർ(35), മലപ്പുറം കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ(32)കോതമംഗലം മാർബേസിൽ എച്ച്.എസ്.എസ് (28) എന്നിങ്ങനെയാണ് നാലുമുതൽ ഏഴുവരെ സ്ഥാനങ്ങളിലുള്ളവരുടെ പോയിന്റ് നില.