അനന്തപുരി അഭിഷേകം!
അനന്തപുരിയിൽ മലപ്പുറം
സ്കൂൾ കായിക മേളയിൽ ഓവറാൾ ചാമ്പ്യന്മാരായി തിരുവനന്തപുരം , അത്‌ലറ്റിക്സിൽ മലപ്പുറം ചാമ്പ്യൻസ്
തിരുവനന്തപുരം: എട്ട് നാൾ തിരുവനന്തപുരത്തെ ത്രസിപ്പിച്ച കൗമാരക്കുതിപ്പിന്റെ ക്ലൈമാക്സിൽ സ്വർണക്കപ്പിൽ മുത്തമിട്ട് ആതിഥേയർ. ഒളിമ്പിക്സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ രണ്ടാം തവണയും ഓവറാൾ ചാമ്പ്യൻമാരായ തിരുവനന്തപുരം ഇന്നലെ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് മുഖ്യമന്ത്രിയുടെ പേരിലുള്ള നൂറ്റിപ്പതിനേഴര പവന്റെ പ്രഥമ സ്വർണക്കപ്പ് ഏറ്റുവാങ്ങി.
സ്വർണ നേട്ടത്തിൽ ഇരട്ട സെഞ്ച്വറി കുറിച്ച് 203 സ്വർണവും 147 വെള്ളിയും 171 വെങ്കലവുമുൾപ്പെടെ 1825 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വന്തം തട്ടകത്തിലും തിരുവനന്തപുരത്തിന്റെ പട്ടാഭിഷേകം. നീന്തലിലും ഗെയിംസിലും അത്‌ലറ്റിക്‌സിലും മികവ് തുടർന്നാണ് ആതിഥേയർ സ്വർണക്കപ്പിലേറിയത്.
91 സ്വർണവും 56 വെള്ളിയും 109 വെങ്കലവുമടക്കം 892 പോയിന്റ് നേടിയ തൃശൂരാണ് റണ്ണറപ്പ്. 82 സ്വർണവും 77 വെള്ളിയും 87 വെങ്കലവുമുൾപ്പെടെ 859 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനം നേടി.
മലപ്പുറം ഗാഥ
സ്കൂൾ കായിക മേളയിലെ ഗ്ലാമർ ഇനമായ അത്‌ലറ്രിക്‌സിൽ മലപ്പും ജില്ല തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻമാരായി. പതിയെ തുടങ്ങി കത്തിക്കയറിയ മലപ്പുറം അവസാനം റിലേ വിടാതെ കുതിച്ച് 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയിന്റുമായാണ് ഓവറോൾ കിരീടം നിലനിറുത്തിയത്. കഴിഞ്ഞ തവണയും മലപ്പുറത്തിന് 247 പോയിന്റാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ തവണത്തേപ്പോലെ ഇത്തവണയും സ്വർണനേട്ടത്തിൽ മലപ്പുറത്തേക്കാൾ മുന്നിലാണെങ്കിലും ആകെ മെഡൽ കണക്കിൽ പിന്നിലായിപ്പോയതോടെയാണ് പാലക്കാടിന് റണ്ണറപ്പുകേണ്ടിവന്നത്. 26 സ്വർണവും 15 വെള്ളിയും 14 വെങ്കലവുമടക്കം 212 പോയിന്റ് നേടിയാണ് ഇത്തവണ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഒരു പോയിന്റ് കുറവാണ് ഇത്തവണ പാലക്കാടിന്. 10 വീതം സ്വർണവും 7 വെള്ളിയുമുൾപ്പടെ 91 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 69 പോയിന്റുമായി തിരുവനന്തപുരം നാലാമതും 59 പോയിന്റുള്ള കണ്ണൂർ അഞ്ചാം സ്ഥാനത്തും 48 പോയിന്റുമായി തൃശൂർ ആറാമതും ഫിനിഷ് ചെയ്തപ്പോൾ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ എറണാകുളം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു കാലത്ത് ചാമ്പ്യൻടീമായിരുന്ന എറണാകുളത്തിന് ഇത്തവണ നേടാനായത് 7 സ്വർണവും 3 വീതം വെള്ളിയും വെങ്കലവുമുൾപ്പെടെ 47 പോയിന്റ് മാത്രം.
നാലാം വട്ടവും ഐഡിയൽ,
വടവന്നൂർ സർപ്രൈസ്
അത്‌ലറ്റിക്‌സിൽ സ്കൂളുകളിൽ തുടർച്ചയായ നാലാം തവണയും മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി
ചാമ്പ്യൻമാരായി. 8 വീതം സ്വർണവും വെങ്കലവും 10 വെള്ളിയുമുൾപ്പെടെ 78 പോയിന്റാണ് ഐഡിയലിന്റെ അക്കൗണ്ടിലുള്ളത്. അദ്ഭുത കുതിപ്പ് നടത്തി രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂർ 8 സ്വർണവും 4 വെള്ളിയും 6 വെങ്കലവുമുൾപ്പെടെ 58 പോയിന്റ് നേടി. 6 വീതം സ്വർണവും വെങ്കലവും 7 വെള്ളിയുമുൾപ്പടെ 57 പോയിന്റ് നേടി വടവന്നൂരിന് തൊട്ടുപിന്നിൽ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് ഇത്തവണയും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
'ജി.വി രാജാ"വ്
സ്പോർട്സ് സ്കൂളുകളിൽ തിരുവനന്തപുരം ജി.വി രാജ തന്നെ രാജാവായി. മറ്ര് സ്‌പോർട്സ് സ്കൂളുകളെക്കാൾ ബഹുദൂരം മുന്നിലുള്ള ജി.വി രാജ 7 സ്വർണവും 6 സ്വർണവും 4 വെങ്കലവുമുൾപ്പെടെ 57 പോയിന്റാണ് നേടിയത്. അത്‌ലറ്രിക്സിൽ തിരുവനന്തപുരം നേടിയ 69 പോയിന്റിൽ ഭൂരിഭാഗവും ജി.വി രാജയുടെ സംഭാവനയാണ്. രണ്ടാം സ്ഥാനത്തുള്ള സി.എസ്.എച്ച്. വയനാടിന് ലഭിച്ചത് എട്ട് പോയിന്റാണ്. സായി കൊല്ലത്തിനും ഇതേ പോയിന്റാണുള്ളത്.