എസ്.ഐ.ആർ തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയത്തിലാക്കും: മുഖ്യമന്ത്രി

Wednesday 29 October 2025 1:37 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) നടത്താനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയത്തിന്റെ നിഴലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർപട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) അസാദ്ധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ബീഹാറിലെ എസ്.ഐ.ആറിന്റെ ഭരണഘടനാസാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാനാകില്ല. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്.ഐ.ആർ തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണ്.

വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻമാറണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിച്ചു കൂടാ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.