കെട്ടിട നിർമ്മാണ ചട്ടഭേദഗതി സർക്കാർ ആശുപത്രികൾക്കും സ്കൂളിനും പെർമിറ്റ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ, ആശുപത്രികൾ, ഓഫീസുകൾ തുടങ്ങിയ സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ പെർമിറ്റ് നിർബന്ധമാക്കുന്നു. ഇതിനായി കേരള മുനിസിപ്പാലിറ്റി കെട്ടിട നിയമങ്ങളിൽ ഭേദഗതി വരുത്തും. കരട് ഭേദഗതി നിയമവകുപ്പിന്റെ പരിഗണനയിലാണ്. നിലവിൽ പെർമിറ്രിന് അപേക്ഷിച്ചാൽ ഉടൻ നിർമ്മാണത്തിലേക്ക് കടക്കുന്നതായിരുന്നു സ്ഥിതി. പെർമിറ്റ് കിട്ടുന്നതുവരെ കാത്തുനിൽക്കാറില്ല.
സ്കൂളുകളിലും ആശുപത്രികളിലുമടക്കം അപകടങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്നാണ് പെർമിറ്റ് നിർബന്ധമാക്കുന്നത്. കുട്ടികളും പൊതുജനങ്ങളും നിരന്തരം എത്തുന്ന സ്ഥലങ്ങളിൽ പെർമിറ്റോ മറ്റു നടപടികളോ പാലിക്കാതെയുള്ള നിർമ്മാണം പലപ്പോഴും സർക്കാരിന് തലവേദനയുണ്ടാക്കാറുണ്ട്. അപകടശേഷം രേഖകൾ തെരയുമ്പോൾ യാതൊരു അനുമതിയും ഇത്തരം കെട്ടിടങ്ങൾക്കുണ്ടാകില്ല. ഫയർഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, കെ.എസ്.ഇ.ബി എന്നിവയുടെ അനുമതിയും നിർബന്ധമാണ്.
സെൽഫ് പെർമിറ്റിൽ ഇളവ്
അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് കിട്ടുന്ന വിഭാഗത്തിൽ കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്താനും ചട്ടങ്ങളിൽ ഭേദഗതി വരുത്തും. നിലവിൽ
300ചതുരശ്ര മീറ്റർ വരെയുള്ള ഏഴുമീറ്റർ ഉയരമുള്ള വീടുകൾക്കാണ് സെൽഫ് പെർമിറ്റ് നൽകുന്നത്. ഇതിൽ ഉയര പരിധി ഒഴിവാക്കും. വാണിജ്യ വിഭാഗം കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫിക്കറ്റിന്റെ വിസ്തീർണം 100 ചതുരശ്ര മീറ്ററിൽ നിന്ന് 250 ആക്കും. ലൈസൻസിയുടെയും കെട്ടിട ഉടമയുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ രേഖകൾ കൃത്യമെങ്കിലാണ് സെൽഫ് പെർമിറ്റ് അനുവദിക്കുക.