കൂടൽമാണിക്യം ക്ഷേത്രം: വിട്ടു നിന്ന് തന്ത്രിമാർ
□തൃപ്പൂത്തരിയും ബഹിഷ്കരിക്കും
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാന താന്ത്രിക ചടങ്ങുകളിൽപ്പെട്ട നാളത്തെ തൃപ്പുത്തരി നിവേദ്യവും മറ്റന്നാളത്തെ മുക്കുടി നിവേദ്യവും മുടങ്ങാതിരിക്കാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് തരണനല്ലൂർ തന്ത്രി കുടുംബത്തിലെ അനിപ്രകാശിന് ഇന്നലെ കത്ത് നൽകി. കഴകം തസ്തികയിൽ ഈഴവനായ എസ്. അനുരാഗിനെ
നിയമിച്ചതിനെ തുടർന്ന് ക്ഷേത്രത്തിലെ ആറ് തന്ത്രികുടുംബങ്ങളിൽ അഞ്ചും ആഗസ്റ്റ് മുതൽ താന്ത്രിക ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
പുത്തരി നിവേദ്യം നകരമണ്ണ് മനയ്‌ക്കും മുക്കുടി അണിമംഗലം മനയ്‌ക്കും അവകാശപ്പെട്ട ചടങ്ങുകളാണ്. തന്ത്രിസമരത്തിന്റെ പശ്ചാത്തലത്തിൽ ഈ കുടുംബങ്ങളിലെ ഉൾപ്പടെ തന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ച് ദേവസ്വം ഒരാഴ്ച മുമ്പ് കത്തു നൽകിയിരുന്നെങ്കിലും മറ്റു കാര്യങ്ങൾ ആവശ്യപ്പെട്ടായിരുന്നു മറുപടി.തുടർന്നാണ് തന്ത്രിപൂജകൾ മുടങ്ങാതിരിക്കാൻ സഹകരിക്കുന്ന പടിഞ്ഞാറേ തരണനല്ലൂർ കുടുംബത്തിന് കത്ത് നൽകിയത്. ക്ഷേത്ര ചടങ്ങുകളും തന്ത്രിമാരുടെ ഉൾപ്പടെയുള്ളവരുടെ ചുമതലകളും വിശദീകരിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പൗരാണിക നിയമാവലി പ്രകാരമുള്ള ചുമതലകളാണ് അഞ്ച് തന്ത്രികുടുംബങ്ങളും ലംഘിക്കുന്നത്.
തൃപ്പുത്തരിയും
മുക്കുടിയും
കൂടൽമാണിക്യത്തിലെ മൂർത്തിയായ ഭരതന്റെ ഇഷ്ട നിവേദ്യമാണ് തൃപ്പുത്തരി. ദേവന്റെ കൃഷിയിടത്തിലെ കന്നിക്കൊയ്‌ത്തിന്റെ ആദ്യ അരി കൊണ്ടാണിത് തയ്യാറാക്കുക. ഇത് കഴിച്ച് ഭഗവാന് ഉദര പ്രശ്നമുണ്ടായപ്പോൾ പിറ്റേന്ന് ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കി നൽകിയതാണ് മുക്കുടി നിവേദ്യം. ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ താന്ത്രിക ചടങ്ങുകളിലൊന്നാണിത്.