ടി.പി കേസ് പ്രതികൾ ലഹരി ഇടപാടിൽ കണ്ണികൾ
□റിപ്പോർട്ട് പുറത്തായത് വിടുതൽ നീക്കത്തിനിടെ
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിടുതൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട ജയിൽ വകുപ്പ് നീക്കത്തിനിടെ, രണ്ടര മാസം മുമ്പ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഇവർക്കെതിരെ നൽകിയ റിപ്പോർട്ട് പുറത്ത്. കൊടി സുനിയും കിർമാണി മനോജും ജയിലിനകത്ത് ലഹരി ഉപയോഗത്തിലും വിൽപനയിലും ഏർപ്പെട്ടിരുന്നുവെന്നും നിരന്തരം അച്ചടക്കലംഘനം കാണിക്കുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടി സുനിയെ കണ്ണൂരിൽ നിന്ന് കഴിഞ്ഞ മാസം തവനൂരിലെ ജയിലിലേക്ക് മാറ്റിയത്. ഈ റിപ്പോർട്ട് നിലനിൽക്കെയാണ് പ്രതികളെ വിട്ടയക്കാൻ ജയിൽ വകുപ്പിന്റെ നീക്കം.ടി.പി.വധക്കേസിലെ പ്രതികളെ 20 വർഷത്തേക്ക് വിട്ടയക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണിത്. കൊടി സുനി തവനൂരിലും, മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലുമാണുള്ളത്.ടി.കെ. രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത് എന്നിവരെ വിട്ടയക്കാൻ സർക്കാർ നേരത്തെ നീക്കം നടത്തിയെങ്കിലും വിവാദമുയർന്നതിനെ തുടർന്ന് പിന്മാറി.
പരോളോ,
വിട്ടയക്കലോ? ടി.പി വധക്കേസിലെ പ്രതികളെ വിടുതൽ ചെയ്യുന്നതിൽ സുരക്ഷാ പ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് സൂപ്രണ്ടുമാർക്ക് കത്തയച്ചിരുന്നു.പ്രതികളെ വിട്ടയക്കുന്നതിനാണോ അതോ പരോളിനാണോയെന്ന കത്തിൽ പറയുന്നില്ല. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്ന വിശദീകരണവുമായി എ.ഡി.ജി പി.ബൽറാം കുമാർ ഉപധ്യായ രംഗത്തെത്തിയിരുന്നു. മാഹി ഇരട്ടക്കൊലക്കേസിലും ടി.പി.വധക്കസിലെ കൊടി സുനി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കത്തയച്ചതെന്നാണ് ജയിൽ വകുപ്പ് വിശദീകരണം.
പ്രതികളെ വിട്ടയക്കാൻ ശ്രമം:കെ.കെ.രമ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിടുതൽ ചെയ്യുന്നത് സംബന്ധിച്ച് ജയിൽ ആസഥാനത്ത് നിന്നുള്ള കത്ത് പ്രതികളെ വിട്ടയക്കാനാണെന്ന് കെ.കെ.രമ എം.എൽ.എ ആരോപിച്ചു.പലപ്പോഴായി പരോളടക്കം നൽകി പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും കെ.കെ രമ ആരോപിച്ചു.