മാസപ്പടി കേസ് ജനുവരി 13ലേക്ക് മാറ്റി
ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി 2026 ജനുവരി 13ലേക്ക് മാറ്റി. എസ്.എഫ്.ഐ.ഒയുടെയും കേന്ദ്രസർക്കാരിന്റെയും അഭിഭാഷകർ ഹാജരാകാത്തതിനെ തുടർന്നാണിത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തെ കേന്ദ്രം സീരിയസായല്ല കാണുന്നതെന്ന് സി.എം.ആർ.എല്ലിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ പരിഹസിച്ചു. കമ്പനി രജിസ്ട്രാറുടെ അന്വേഷണറിപ്പോർട്ട് കൈമാറണമെന്ന കരിമണൽ കമ്പനിയുടെ ആവശ്യത്തിൽ കേന്ദത്തിന് നോട്ടീസ് അയയ്ക്കാനും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
സി.ബി.ഐ അന്വേഷണാവശ്യം: നവം. 3 മുതൽ വാദം
കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി വാദത്തിനായി നവംബർ മൂന്നിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് മാദ്ധ്യമപ്രവർത്തകനായ എം.ആർ. അജയന്റെ ഹർജിയിലെ ആവശ്യം. കോടതി നേരത്തേ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും എതിർകക്ഷിയായ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കൈപ്പറ്റിയിരുന്നില്ല. നോട്ടീസ് സെറ്റിൽമെന്റ് ബോർഡിന്റെ ഓഫീസിൽ എത്തിച്ചതായി ഹർജിക്കാരൻ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിൽ വാദം ആരംഭിക്കുന്നത്.