കേന്ദ്ര ആരോഗ്യ ഇൻഷ്വറൻസിൽ ഒപ്പു വയ്ക്കാതെ കേരളം

Wednesday 29 October 2025 2:13 AM IST

 70 കഴിഞ്ഞവർക്ക് 5 ലക്ഷം സഹായം

തിരുവനന്തപുരം:എഴുപത് പിന്നിട്ടിവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻആരോഗ്യ യോജന പദ്ധതി കേരളത്തിൽ നടപ്പാക്കിയില്ല. അതിന് പ്രത്യേക കേന്ദ്ര ധനസഹായം വേണമെന്നാണ് വാദം. 2018ലാണ് പാവപ്പെട്ടവർക്കായി അഞ്ച് ലക്ഷം രൂപ വരെ പ്രതിവർഷ ചികിത്സാ സഹായം നൽകുന്ന പദ്ധതി നടപ്പാക്കിയത്. 60% കേന്ദ്ര ഫണ്ടും ബാക്കി സംസ്ഥാന ഫണ്ടും.

ഈ പദ്ധതി പ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ച് ആയുഷ്മാൻ ഭാരത് കാസ്പ് (കരുണ്യ സുരക്ഷാപദ്ധതി) സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. പാവപ്പെട്ട കുടുംബത്തിലെ എല്ലാവർക്കുമാണ് 5ലക്ഷം രൂപഹനൽകുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഉൾപ്പെടുത്തിയ

പുതിയ പദ്ധതിയനുസരിച്ച് , 70 കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക കവറേജ് ഉപാധി രഹിതമായി ലഭിക്കും. ഇതിനായി ആയുഷ്മാൻ ഭാരത് കാർഡിന് പുറമെ, "ആയുഷ്മാൻ ഭാരത് വന്ദന"കാർഡ് നൽകും. വരുമാന പരിധി ബാധകമല്ല. ഇതാണ് കേരളത്തിൽ നടപ്പാക്കാത്തത്.

ആയുഷ്മാൻ ഭാരത് കാർഡെടുക്കേണ്ടത് അക്ഷയ കേന്ദ്രങ്ങളിൽ നിന്നാണ്. വന്ദന കാർഡ് അക്ഷയ സെന്ററുകളിൽ നിന്ന് കൊടുക്കേണ്ടെന്ന് സർക്കാർ ഉത്തരവിട്ടു .എന്നാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോമൺ സർവീസ് സെന്ററുകളിൽ (സി.എസ്.സി.) ആയുഷ്മാൻ വന്ദന കാർഡ് രജിസ്റ്റർ ചെയ്ത് വാങ്ങാം.beneficiary.nha.gov.in എന്ന പോർട്ടലിലൂടെ സിറ്റിസൺ ലോഗിൻ ചെയ്തും വന്ദന കാർഡെടുക്കാം.പക്ഷെ അതനുസരിച്ചുള്ള ചികിത്സ സംസ്ഥാനത്ത് ലഭിക്കില്ല.കേന്ദ്രത്തിൽ നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ല,കേന്ദ്രവും സംസ്ഥാനവും പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയില്ല, പുതിയ പദ്ധതിയുടെ സംസ്ഥാന വിഹിതം നൽകാനാവില്ല തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ പറയുന്ന കാരണങ്ങൾ.

സംസ്ഥാനത്ത്

70വയസ് പിന്നിട്ടവർ

□പുരുഷൻമാർ11.52ലക്ഷം,

□സ്ത്രീകൾ 14.42ലക്ഷം