അടിമാലി മണ്ണിടിച്ചിൽ; ചികിത്സയിലുള്ള സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. ആലുവ രാജഗിരി ആശുപത്രിയിലാണ് സന്ധ്യയിപ്പോൾ ഉള്ളത്. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും അത് ഫലം കാണാത്തതിനാലാണ് കാൽ മുറിച്ചുമാറ്റേണ്ടിവന്നത്. ഇടതുകാലിന്റെ മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി10.30 ഓടെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു.
ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റിയിരുന്നു. ഇതിൽ സന്ധ്യയും ഭർത്താവ് ബിജുവും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനും ആഹാരം കഴിക്കുന്നതിനും വേണ്ടിയാണ് ഇവർ വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഇതിനിടയിലാണ് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണത്.
വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയേയും ബിജുവിനെയും മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. ദമ്പതികളുടെ മകൾ കോട്ടയത്ത് ബിഎസ്‌സി നഴ്‌സിംഗ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. മകൻ ക്യാൻസർ ബാധിച്ച് ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു.
ബിജുവിന് തടിപ്പണിയായിരുന്നു. കഴിഞ്ഞവർഷമാണ് ബിജുവിന്റെ പത്താം ക്ലാസുകാരനായ മകന് ക്യാൻസർ സ്ഥിരീകരിച്ചത്. ചികിത്സ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റ് വരുമാന മാർഗങ്ങളൊന്നും കുടുംബത്തിനില്ല. ബിജുവിനും കുടുംബത്തിനും 15 സെന്റ് സ്ഥലമുണ്ടായിരുന്നു. പത്ത് വർഷത്തോളമായി കൂമ്പൻപാറയിൽ വീടുവച്ച് താമസിക്കുകയായിരുന്നു.