ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ; സ്വന്തമാക്കാൻ വണ്ടി കയറേണ്ടത് തമിഴ്‌നാട്ടിലേക്ക്, പ്രത്യേകതകൾ ഏറെ
മലയാളികൾക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ഒന്നാണ് തേങ്ങ. ഒരു തേങ്ങയ്ക്ക് പരമാവധി 35 മുതൽ 50 രൂപയാണ് വില. എന്നാൽ ഒരു തേങ്ങയ്ക്ക് ലക്ഷങ്ങൾ മുടക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു സംഭവമുണ്ട്. ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്കാണ് വിറ്റത്. തമിഴ്‌നാട്ടിലാണ് ഈ ഞെട്ടിക്കുന്ന വിലയിൽ തേങ്ങ വിറ്റത്. തേനി ജില്ലയിലെ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
സ്‌കന്ദ ഷഷ്ടിക്ക് ശേഷം ശൂരസംഹാരം എന്നൊരു ചടങ്ങ് തമിഴ്‌നാട്ടിലെ മുരുക ക്ഷേത്രങ്ങളിലുണ്ട്. മുരുകന്റെ വിവാഹം എന്ന ചടങ്ങാണിത്. ഈ കല്യാണ സമയത്ത് ഉപയോഗിച്ച കലശത്തിന് മുകളിൽ വയ്ക്കുന്ന തേങ്ങ എല്ലാവർഷവും ചടങ്ങിന് ശേഷം ലേലം വിളിക്കും. ഇത്തവണ ആറായിരം രൂപയിൽ നിന്നാണ് ലേലം വിളി തുടങ്ങിയത്. വാശിയേറിയ ലേലം വിളിക്കൊടുവിൽ രണ്ട് ലക്ഷം രൂപക്കാണ് ഭക്തരിലൊരാൾ തേങ്ങ സ്വന്തമാക്കിയത്. ഇതേ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ചടങ്ങിനുപയോഗിച്ച തേങ്ങ മൂന്ന് ലക്ഷത്തിലധികം രൂപയ്ക്കാണ് ലേലത്തിൽ പോയതെന്നാണ് വിവിരം.