"രണ്ട് പാർട്ടിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് സിപിഎമ്മും സിപിഐയും ഒരു പാർട്ടി"

Wednesday 29 October 2025 10:30 AM IST

തിരുവനന്തപുരം: സിപിഐയും സിപിഎമ്മും ഹൃദയംകൊണ്ട് ഒന്നാണെന്ന് മന്ത്രി സജി ചെറിയാൻ. സിപിഐയുമായി ചില തർക്കങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'രണ്ട് പാർട്ടിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ഞങ്ങൾ ഒരു പാർട്ടിയാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ പരസ്പരം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേന്ദ്ര സർക്കാർ നമ്മളെ ഞെരിച്ചുകൊല്ലുകയാണെന്ന വസ്തുത മനസിലാക്കണം. സംസ്ഥാനത്തിന് കിട്ടാനുള്ള കോടിക്കണക്കിന് രൂപ കിട്ടണം. ഇത് ആരുടെയും ഔദാര്യമല്ല.

സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന പണത്തിന്റെ വിഹിതമാണ്. അർഹതപ്പെട്ട പണം പല കാര്യങ്ങൾ പറഞ്ഞ് കേന്ദ്രം പിടിച്ചുവയ്ക്കുകയാണ്. 42 ലക്ഷം കുട്ടികളെ ബാധിക്കുന്ന വിഷയമാണ് പിഎം ശ്രീ. വിദ്യാഭ്യാസ വകുപ്പിന് കിട്ടേണ്ട തുക കിട്ടാതെ വന്നാൽ ഉണ്ടാകാൻ പോകുന്ന പ്രതിസന്ധി വളരെ വലുതാണ്. സിലബസിലോ കരിക്കുലത്തിലോ ഒരു വ്യത്യാസവും വരുത്താൻ ഞങ്ങൾ തയ്യാറല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ട്.'- മന്ത്രി വ്യക്തമാക്കി.

അതേസമയം, പിഎം ശ്രീ ധാരണാപത്രത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐയുടെ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, ചിഞ്ചുറാണി എന്നിവർ വിട്ടുനിൽക്കും. സിപിഎമ്മിലും സിപിഐയിലും തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.