കീഴടങ്ങി സിപിഎം; പിഎം ശ്രീയിൽ സിപിഐ ഉപാധി അംഗീകരിക്കും, ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐ മുന്നോട്ടുവച്ച ഉപാധി അംഗീകരിക്കാൻ സിപിഎം ഒരുങ്ങുന്നതായി റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്ത് നൽകിയേക്കും. കേന്ദ്രത്തിന് കത്ത് നൽകാൻ സിപിഎം ഇടപെട്ട് ധാരണയായെന്നാണ് വിവരം. പദ്ധതിയിൽ സമവായം ഉണ്ടായില്ലെങ്കിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽകുമെന്ന അഭ്യൂഹം പരന്നതോടെയാണ് സിപിഎം നിലപാട് മയപ്പെടുത്തിയത്. പദ്ധതിയിൽ ഇളവ് നൽകണോ എന്നുള്ള കാര്യം കേന്ദ്രമാണ് തീരുമാനമെടുക്കുക.
കരാറിൽ നിന്നും പൂർണമായി പിൻവാങ്ങാൻ കഴിയില്ല. മാനദണ്ഡങ്ങളിൽ ഇളവ് മാത്രമാണ് ആവശ്യപ്പെടുക. വിഷയം ചർച്ച ചെയ്യാനായി ഉടൻ തന്നെ മുന്നണി യോഗവും വിളിക്കും. വിഷയം കേന്ദ്ര നേതൃത്വ തലത്തിലേക്കും ഉയർന്നിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി വിളിച്ച് സംസാരിച്ചിട്ടുണ്ട്. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഫോണിൽ വിളിച്ചതെന്നാണ് വിവരം. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ മാത്രമേ സിപിഐ വഴങ്ങൂവെന്നാണ് സൂചന. കേന്ദ്രത്തിന് നൽകേണ്ട കത്തിന്റെ ഉള്ളടക്കവും അറിയിച്ചെന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബർ അഞ്ചിന് വരാനിരിക്കെ, പ്രശ്നം ഒത്തുതീർന്നില്ലെങ്കിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും അവതാളത്തിലാവും. ഇത് മുന്നിൽ കണ്ടാണ് കീഴടങ്ങാൻ സിപിഎം തയ്യാറായത്. പ്രശ്നപരിഹാരത്തിന് താൻ നേരിട്ട് ഇടപെട്ടിട്ടും വിട്ടുവീഴ്ച കാട്ടാത്ത സിപിഐ നിലപാടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷമുണ്ട്. രണ്ട് പ്രധാന തിരഞ്ഞെടുപ്പ് വരാനിരിക്കെ, മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സമീപനം സിപിഐ സ്വീകരിച്ചതിൽ സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ട്.