സന്ധ്യയ്‌ക്ക് സഹായവുമായി മെഗാസ്റ്റാർ; ചികിത്സാ ചെലവ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും

Wednesday 29 October 2025 1:36 PM IST

ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയ്ക്ക് സഹായവുമായി മെഗാസ്റ്റാർ മമ്മൂട്ടി. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ സന്ധ്യയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നത്.

ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യയിപ്പോൾ. യുവതിയുടെ ഇടതുകാലിന്റെ മുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും അത് ഫലം കാണാത്തതിനാലാണ് കാൽ മുറിച്ചുമാറ്റേണ്ടിവന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി10.30 ഓടെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു.

ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റിയിരുന്നു. ഇതിൽ സന്ധ്യയും ഭർത്താവ് ബിജുവും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനും ആഹാരം കഴിക്കുന്നതിനും വേണ്ടിയാണ് ഇവർ വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഇതിനിടയിലാണ് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണത്.

വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയേയും ബിജുവിനെയും മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. ദമ്പതികളുടെ മകൾ കോട്ടയത്ത് ബിഎസ്‌സി നഴ്‌സിംഗ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. മകൻ ക്യാൻസർ ബാധിച്ച് ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു.